പനാജി: ഗോവയിൽ 25 പേരുടെ മരണത്തിനിടയാക്കിയ നിശാക്ലബ്ബിലെ തീപ്പിടിത്തത്തിനു പിന്നാലെ ലുത്ര സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ ക്ലബ്ബായ ‘റോമിയോ ലെയ്ൻ’  ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി സർക്കാർ. 198 ചതുരശ്ര മീറ്റർ വരുന്ന ബീച്ചിലെ കൈയേറ്റ പ്രദേശങ്ങൾ പൊളിച്ചുമാറ്റുകയാണെന്ന് ഗോവ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ധീരജ് വാഗലെ പറഞ്ഞു.

To advertise here,

ക്ലബ്ബിന്‍റെ ഉടമകളായ സൗരഭ് ലൂത്രയ്ക്കും ഗൗരവ് ലൂത്രയ്ക്കുമെതിരേ പോലീസ് തിരച്ചിൽ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇവർ രാജ്യം വിട്ടത്. ഇവർ തായ്‌ലാൻഡിൽ എത്തിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇവർക്കെതിരേ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ലൂത്ര സഹോദരന്മാരുടെ മറ്റെല്ലാ ക്ലബ്ബുകളും കഫേകളും പൊളിച്ചുമാറ്റാൻ സർക്കാർ തീരുമാനിച്ചതായാണ് വിവരം. ഉടൻതന്നെ ഇതുസംബന്ധിച്ച നോട്ടീസുകൾ ബന്ധപ്പെട്ട പഞ്ചായത്തുകൾക്ക് ഭരണകൂടം നൽകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

നിയമവിരുദ്ധമായി ക്ലബ്ബുകളും കഫേകളും നടത്തുന്നുവെന്നറിഞ്ഞിട്ടും ലുത്ര സഹോദരന്മാർക്കെതിരേ നിയമനടപടി കൈക്കൊള്ളാൻ അധികാരികൾ തയ്യാറായില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇവരെ മുതിർന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ സംരക്ഷിച്ചിരുന്നതായും ആരോപണമുണ്ട്. ലൈസൻസില്ലാതെ സർക്കാർ ഭൂമിയിൽ ഒന്നിലധികം ഇടങ്ങളിൽ അനധികൃത കൈയേറ്റം നടത്താൻ ഈ ഉന്നത ബന്ധങ്ങൾ സഹായകമായെന്ന് പ്രാദേശിക സാമൂഹിക പ്രവർത്തകനായ രവി ഹർമൽക്കർ പറഞ്ഞു.

തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ബാഗയിലെ ബിര്‍ച്ച് ബൈ റോമിയോ ലേന്‍ ക്ലബ്ബിലെ ചീഫ് ജനറൽ മാനേജർ രാജീവ് മോദക്, ജനറൽ മാനേജർ വിവേക് സിങ്, ബാർ മാനേജർ രാജീവ് സിങ്ഹാനിയ, ഗേറ്റ് മാനേജർ പ്രിയാൻഷു ഠാക്കൂർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ക്ലബ്ബ് ഉടമകളായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവർക്കെതിരേ എഫ്ഐആർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ പെട്ടെന്നുതന്നെ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി പറഞ്ഞു.

ലുത്ര സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള അര്‍പോറയിലെ 'ബിര്‍ച്ച് ബൈ റോമിയോ ലേന്‍' എന്ന നിശാക്ലബ്ബില്‍ ഞായറാഴ്ചയാണ് തീപ്പിടിത്തമുണ്ടായത്. വിനോദസഞ്ചാരികളും ജീവനക്കാരും ഉള്‍പ്പെടെ 25 പേരാണ് മരിച്ചത്. തീപ്പിടിത്തവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു.