പനാജി: 25 പേരുടെ മരണത്തിനിടയാക്കിയ ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു. റോമിയോ ലേനിന്റെ കീഴിലുള്ള മറ്റു ക്ലബ്ബുകൾ സീൽ ചെയ്തതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഇത്തരത്തിലുള്ള നിയമപരമല്ലാത്ത ക്ലബ്ബുകളെ സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്നും പ്രമോദ് സാവന്ത് കൂട്ടിച്ചേർത്തു.

To advertise here,

ബാഗയിലെ ബിര്‍ച്ച് ബൈ റോമിയോ ലേന്‍ ക്ലബ്ബിലെ ചീഫ് ജനറൽ മാനേജർ രാജീവ് മോദക്, ജനറൽ മാനേജർ വിവേക് സിങ്, ബാർ മാനേജർ രാജീവ് സിങ്ഹാനിയ, ഗേറ്റ് മാനേജർ പ്രിയാൻഷു ഠാക്കൂർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ക്ലബ്ബ് ഉടമകളായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവർക്കെതിരേ എഫ്ഐആർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ പെട്ടെന്നുതന്നെ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേകാന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

പരിപാടി നടക്കുന്നിടത്ത് പടക്കം പൊട്ടിച്ചതാണ് തീപ്പിടിത്തത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. താഴെയുള്ള ഭാഗത്തായിരുന്നു അടുക്കള ഉണ്ടായിരുന്നത്. ഡിജെ പാർട്ടി നടക്കുന്നിടത്തുണ്ടായ തീപ്പിടിച്ചതിനു പിന്നാലെ ചിലർ അടുക്കളയിലേക്ക് ഓടി. അവർ അവിടെ കുടുങ്ങുകയും ശ്വാസം മുട്ടി മരിക്കുകയുമായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

"പുലർച്ചെ ഒരു മണിയോടെയായിരുന്നും സംഭവം. നൂറോളം പേരായിരുന്നു അവിടെ ഉണ്ടായിരുന്നത്. പെട്ടെന്നാണ് തീപ്പിടിത്തം ഉണ്ടാകുന്നത്. പിന്നാലെ ആളുകൾ രക്ഷപ്പെടാനുള്ള ശ്രമം നടത്തി. സഞ്ചാരികളിൽ ചിലർ താഴെയുള്ള അടുക്കളയിലേക്ക് പോയി. എന്നാൽ മിനിറ്റുകൾക്കുള്ളിൽ ക്ലബ്ബിനെ തീ വിഴുങ്ങി", ദൃക്സാക്ഷിയെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു.

25 പേരുടെ ജീവനാണ് അപകടത്തിൽപൊലിഞ്ഞത്. ക്ലബ്ബ് ജീവനക്കാരും സഞ്ചാരികളും ഇതിൽ പെടും. പലരുടേയും മൃതദേഹം കത്തിക്കരിഞ്ഞതിനാൽ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

തീപ്പിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഗോവ സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 50000 രൂപ വീതവും ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.