ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ ടൂറിസ്റ്റ് ഗൈഡും ജീപ്പ് ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റം കത്തിക്കുത്തിലും ഒരാളുടെ ജീവനെടുക്കുന്നതിലും കലാശിച്ച ദാരുണമായ സംഭവത്തിന്റെ വിവരങ്ങളാണ് ആമേർ വിനോദസഞ്ചാരകേന്ദ്രത്തിൽനിന്നും പുറത്തുവരുന്നത്. തിങ്കളാഴ്ച ജയ്പുരിലെ ആമേർ കോട്ടയ്ക്ക് സമീപം ഉണ്ടായ തർക്കത്തെ തുടർന്ന് കുത്തേറ്റ 40-കാരനായ മനീഷ് കുമാർ സോണിക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പ്രതിയായ ജീപ്പ് ഡ്രൈവർ അസം പോലീസ് കസ്റ്റഡിയിലാണ്.

To advertise here,

തിങ്കളാഴ്ച രാവിലെ 9.30-ഓടെ മഓട്ട തടാകത്തിന് സമീപമാണ് സംഭവം നടന്നത്. സ്വന്തം കാറിൽ എത്തിയ ഒരു കൂട്ടം വിനോദസഞ്ചാരികൾ ആമേർ കോട്ടയിലേക്കുള്ള വഴി ചോദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. സ്വകാര്യ വാഹനങ്ങൾക്ക് കോട്ടയിലേക്ക് പോകാൻ അനുമതിയില്ലെന്നും അതിനാൽ ജീപ്പ് വാടകയ്ക്കെടുക്കണമെന്നും അവിടെയുണ്ടായിരുന്ന ജീപ്പ് ഡ്രൈവറായ ആസാം വിനോദസഞ്ചാരികളോട് പറഞ്ഞു.

അതേസമയം, പരിസരത്ത് ഉണ്ടായിരുന്ന മനീഷ് ഇവരുടെ അടുത്തേക്ക് എത്തുകയും വിനോദസഞ്ചാരികൾക്ക് കോട്ടയിലേക്കുള്ള വഴി കാണിച്ചുകൊടുക്കുകയും ചെയ്തു. അവർ സ്വന്തം വാഹനത്തിൽ തന്നെ കോട്ടയിലേക്ക് പോയതിന് പിന്നാലെയാണ് ആസാമും മനീഷും തമ്മിൽ തർക്കത്തിലേർപ്പെട്ടത്. തർക്കം കൈയാങ്കളിയാവുകയും അസം മനീഷിനെ കുത്തുകയുമായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

'ആമേർ മേഖലയിൽ ജീപ്പ് ഡ്രൈവർമാരും ടൂർ ഗൈഡുകളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഇതിന്റെ ബാക്കിയെന്നോണമാണ് മനീഷും അസമും തമ്മിൽ വഴക്കുണ്ടായത്. മനീഷിന് വയറ്റിലാണ് കുത്തേറ്റത്. പ്രതിയെ ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട്, നിയമപരമായ തുടർനടപടികൾ സ്വീകരിക്കും.' ആമേർ എസിപി പ്രതീക സിങ് പറഞ്ഞു.

കുത്തേറ്റ മനീഷിനെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് മനീഷ് മരിച്ചത്. ആമേർ സ്വദേശിയായ മനീഷിന്റെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രദേശത്ത് വലിയതോതിലുള്ള പ്രതിഷേധമാണ് ഉണ്ടായത്. 

വിനോദസഞ്ചാരകേന്ദ്രത്തോട് ചേർന്നുള്ള ആമേർ മാർക്കറ്റ് അടച്ചിടുന്ന സാഹചര്യംവരെ ഉണ്ടായി. വ്യാപാരികൾ സ്വമേധയാ കടകളടയ്ക്കുകയും പ്രദേശവാസികൾ തെരുവുകളിൽ തടിച്ചുകൂടുകയും ചെയ്തു. മനീഷിന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും നീതി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

മനീഷിന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരവും കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുമായി നാട്ടുകാർ ഒന്നര മണിക്കൂറോളം റോഡ് ഉപരോധിച്ചിരുന്നു.

മനീഷിന്റെ മരണത്തെ തുടർന്ന് പ്രദേശത്ത് ആളുകൾ തടിച്ചുകൂടിയതോടെ ആമേർ പോലീസ് സ്റ്റേഷനിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും കൂടുതൽ പോലീസിനെ സ്ഥലത്ത് വിന്യസിച്ചു. പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കേസിൽ തുടരന്വേഷണവും മറ്റ് നടപടികളും പുരോഗമിക്കുകയാണ്.