
ന്യൂഡൽഹി: ഭരണഘടനാ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്താനും ജനവിശ്വാസം തകർക്കാനും ലക്ഷ്യമിട്ട് നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി മുൻ ജഡ്ജിമാർ ഒപ്പിട്ട തുറന്ന കത്ത്. 'ഇത്തരം സന്ദർഭങ്ങളിൽ മൗനം പുലർത്തുന്നത് നിഷ്പക്ഷമല്ല. ഇന്ത്യയുടെ ഭരണഘടനാ സ്ഥാപനങ്ങൾ നിരന്തരമായ ആക്രമണത്തിലാണ്, ഞങ്ങളുടെ ആശങ്ക കടുത്തതാണെന്ന് പറഞ്ഞുകൊണ്ടാണ് 42 ജഡ്ജിമാർ ഒപ്പിട്ട തുറന്നകത്ത് പുറത്തുവന്നിരിക്കുന്നത്. മുൻ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് പങ്കജ് മിത്തൽ ഉൾപ്പെടെയുള്ളവർ കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
ജനാധിപത്യത്തിന്റെ കറൻസി ആണ് വിശ്വാസം. തിരഞ്ഞെടുപ്പുകളെ അസാധുവാക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ആക്രമണങ്ങളിലേക്കും അസ്വസ്ഥതകളിലേക്കും നയിച്ചേക്കാം. വിമർശനം ജനാധിപത്യ അവകാശമാണ്, എന്നാൽ അപകീർത്തിപ്പെടുത്തൽ അവകാശമല്ല. എന്നാൽ ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കാൻ രാഷ്ട്രീയ താൽപര്യങ്ങളോടെയുള്ള ആസൂത്രിത പ്രചാരണമാണ് നടക്കുന്നതെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും സർക്കാരിനുമെതിരേ പ്രതിപക്ഷ പ്രതിഷേധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് തുറന്ന കത്ത് പുറത്തുവന്നിരിക്കുന്നത്. 'ബാലറ്റിന്റെ മൂല്യം നഷ്ടപ്പെടുമ്പോൾ തെരുവുകൾ പ്രക്ഷുബ്ധമാകും' എന്ന് കത്തിൽ പരാമർശമുണ്ട്. വ്യക്തമായ തെളിവുകളില്ലാതെ തിരഞ്ഞെടുപ്പ് കമ്മീഷനെയും ഉദ്യോഗസ്ഥരെയും 'കള്ളന്മാർ' എന്നും മറ്റ് താൽപര്യങ്ങളാൽ 'സ്വാധീനിക്കപ്പെട്ടവർ' എന്നും മുദ്രകുത്തുന്നത് ജനാധിപത്യ വ്യവസ്ഥയെത്തന്നെ ദുർബലപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടുന്നു.
കോൺഗ്രസിനെതിരേയും സിജെപിക്കെതിരേയും ശക്തമായ വിമർശനങ്ങളും കത്തിലുണ്ട്. പേര് പരാമർശിക്കാതെയാണ് രൂക്ഷവിമർശനം. വോട്ട് ക്രമക്കേട് ആരോപണത്തിൽ തെളിവുകളോടെ കോടതിയെ സമീപിക്കുന്നതിന് പകരം വാർത്താസമ്മേളനങ്ങളിൽ മാത്രം 'വോട്ട് മോഷണം' ആരോപിക്കുകയാണ്. തോൽവി നേരിടുമ്പോൾ മാത്രം ഇലക്ട്രോണിക് വോട്ടിങ് മഷീനുകളെ കുറ്റപ്പെടുത്തുകയും ജയിക്കുമ്പോൾ ഇതേ മെഷീനുകളെ ചോദ്യം ചെയ്യാതിരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. അത് ശരിയല്ല. അഞ്ച് പതിറ്റാണ്ടിലേറെ രാജ്യം ഭരിച്ച പാർട്ടി തന്നെ ഈ സംവിധാനം അട്ടിമറിക്കപ്പെട്ടതാണെന്ന് ആരോപിക്കുന്നത് നിർഭാഗ്യകരമാണ്. വോട്ടർ പട്ടിക കൃത്യവും സുതാര്യവുമാക്കാൻ നിയമപരമായി നടത്തുന്ന നടപടിയാണ് ഇലക്ടറൽ റോൾ പരിഷ്‌കരണമെന്നും അതിനെ അനാവശ്യമായി സംശയനിഴലിൽ നിർത്തുന്നത് ശരിയല്ലെന്നും കത്തിൽ പറയുന്നുണ്ട്.
Content Highlights: 42 former judges signed an open letter warning against systematic campaigns defaming constitutional bodies., The letter criticizes unfounded allegations against the Election Commission and Chief Election Commissioner Gyanesh Kumar., It addresses the double standards of blaming EVMs only after electoral defeats., Emphasizes that trust is the currency of democracy and criticism should not cross into defamation.
Published: 08 Oct 2026, 06:24 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented