ന്യൂഡൽഹി: ബിസിസിഐ മുൻ പ്രസിഡന്റ് ഇന്ദർജിത് സിങ് ബിന്ദ്ര(ഐ.എസ്. ബിന്ദ്ര-84) അന്തരിച്ചു. ഞായറാഴ്ച ഡൽഹിയിൽ വെച്ചായിരുന്നു അന്ത്യം.

To advertise here,

ഇന്ത്യൻ ക്രിക്കറ്റ് മാർക്കറ്റിങ്ങിന്റെ അതികായനായിരുന്നു ഐഎസ് ബിന്ദ്ര. 1993 മുതൽ 96 വരെ ബിസിസിഐ പ്രസിഡന്റായി പ്രവർത്തിച്ചു. 1978 മുതൽ 2014 വരെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് പദവിയും വഹിച്ചു. ക്രിക്കറ്റ് രംഗത്തെ മികച്ച സംഘാടകനും ഭരണകർത്താവും എന്നനിലയിൽ അദ്ദേഹത്തിനോടുള്ള ആദരസൂചകമായി മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയം 2015-ൽ 'ഐഎസ് ബിന്ദ്ര സ്‌റ്റേഡിയം' എന്ന് പുനർനാമകരണംചെയ്തു.

1975-ലാണ് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഐഎസ് ബിന്ദ്ര ക്രിക്കറ്റ് ഭരണരംഗത്തെത്തുന്നത്. 1987-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയിൽവെച്ച് നടത്തുന്നതിൽ ജഗ്മോഹൻ ഡാൽമിയ, എൻകെപി സാൽവേ എന്നിവർക്കൊപ്പം അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഇംഗ്ലണ്ടിന് പുറത്ത് ആദ്യമായി അരങ്ങേറിയ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളായിരുന്നു അത്. ഇന്ത്യയിലെ ക്രിക്കറ്റ് മത്സരങ്ങളുടെ ടെലിവിഷൻ സംപ്രേഷണത്തിലും സുപ്രധാന പങ്കുവഹിച്ചത് ഐഎസ് ബിന്ദ്രയായിരുന്നു. 1994-ൽ ക്രിക്കറ്റ് സംപ്രേഷണത്തിൽ ദൂരദർശനുണ്ടായിരുന്ന കുത്തകാവകാശത്തിനെതിരേ ബിന്ദ്ര സുപ്രീംകോടതിയെ സമീപിച്ചത് വലിയ ശ്രദ്ധനേടി. ഒടുവിൽ ബിന്ദ്രയും കൂട്ടരും സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധിയും സ്വന്തമാക്കി. ഇതോടെയാണ് ആഗോള കമ്പനികൾ ഇന്ത്യയിലെ ക്രിക്കറ്റ് സംപ്രേഷണ രംഗത്തേക്കെത്തിയത്. ശരദ് പവാർ ഐസിസി പ്രസിഡന്റായിരുന്നപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പ്രധാന ഉപദേഷ്ടാവായും പ്രവർത്തിച്ചു.