ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ഭീരു എന്നും അരക്ഷിതനായ രാഷ്ട്രീയക്കാരൻ എന്നും വിളിച്ചതിനു പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് മുൻ കോൺഗ്രസ് എംപി ഷക്കീൽ അഹമ്മദ്. ചൊവ്വാഴ്ച പട്നയിലും മധുബാനിയിലുമുള്ള തന്റെ വസതികളിൽ ആക്രമണം നടത്താൻ കോൺഗ്രസ് പാർട്ടിയുടെ ദേശീയ നേതൃത്വം ഉത്തരവിട്ടതായി കോൺഗ്രസ് സഹപ്രവർത്തകർ തന്നെ രഹസ്യമായി അറിയിച്ചുവെന്നാണ് ഷക്കീൽ പറയുന്നത്. എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം തന്റെ ആശങ്ക പങ്കുവെച്ചത്.

To advertise here,

രാഹുൽ ഗാന്ധിക്കെതിരേ സംസാരിച്ചതിന് തന്റെ കോലം കത്തിക്കാൻ ഒരാൾ മറ്റ് ഗ്രൂപ്പ് അംഗങ്ങളോട് ആവശ്യപ്പെട്ട വാട്ട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മൂന്ന് തവണ എംഎൽഎയും ബിഹാറിൽനിന്ന് രണ്ടുതവണ എംപിയുമായ നേതാവാണ് ഷക്കീൽ അഹമ്മദ്.

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ഷക്കീൽ കഴിഞ്ഞ ശനിയാഴ്ചയാണ് രാഹുൽ ഗാന്ധിയെ ഭീരുവെന്ന് വിളിക്കുകയും പാർട്ടിയിൽ തന്നെ വാഴ്ത്തുന്ന യുവ നേതാക്കളെ മാത്രമേ രാഹുൽ പ്രോത്സാഹിപ്പിക്കുന്നുള്ളൂ എന്ന് ആരോപിക്കുകയും ചെയ്തിരുന്നു. 2025-ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് വിട്ട ഷക്കീൽ, ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുൽ പൊതുസമൂഹത്തിൽ സ്ഥാനംപിടിച്ച മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ അസ്വസ്ഥനാവാറുണ്ടെന്നും ചൂണ്ടിക്കാട്ടി. രാഹുലിനെ 'സ്വേച്ഛാധിപത്യവാദി' എന്നും 'ജനാധിപത്യവിരുദ്ധൻ' എന്നും വിളിച്ച ഷക്കീൽ, അദ്ദേഹം കോൺഗ്രസിലെ മുതിർന്ന സഹപ്രവർത്തകരെ ശ്രദ്ധിക്കുന്നില്ലെന്നും ആരോപിച്ചു.

കോൺഗ്രസ് പ്രസിഡന്റായിരിക്കെ ഉത്തർപ്രദേശിലെ അമേഠി സീറ്റിൽനിന്ന് തോറ്റതിന്‍റെ പേരിൽ രാഹുലിനെ ഷക്കീൽ വിമർശിച്ചിരുന്നു. രാഹുലിന്റെ മനോഭാവം കാരണമാണ് അദ്ദേഹത്തിന്റെ പൂർവ്വികരും കുടുംബവും സ്ഥിരമായി ജയിച്ചിരുന്ന സീറ്റ് പോലും നേടാൻ അദ്ദേഹത്തിന് സാധിക്കാതിരുന്നതെന്നായിരുന്നു വിമർശനം.

ഷക്കീലിന്റെ പരാമർശങ്ങൾ ബിജെപി ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഷക്കീൽ അഹമ്മദ്, രാഹുൽ ഗാന്ധിയെ തുറന്നുകാട്ടിയെന്നായിരുന്നു ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാലയുടെ വാക്കുകൾ. രാഹുൽ സഹിഷ്ണുതയുള്ളവനും ജനാധിപത്യവാദിയുമാണെന്നാണ് പുറമെ കാണിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ, യാഥാർഥ്യം മറ്റൊന്നാണ്. അദ്ദേഹം ഏറ്റവും സ്വേച്ഛാധിപത്യ സ്വഭാവമുള്ള വ്യക്തിയാണ്, ഇന്ദിരാഗാന്ധിയുടെ അതേ അടിയന്തരാവസ്ഥാ മനോഭാവമാണ് രാഹുലിനുള്ളതെന്നും പൂനവാല പറഞ്ഞു.