ന്യൂഡൽഹി: പെട്രോൾ വിലക്കയറ്റം തടയന്നതിൽ എഥനോൾ മിശ്രണം വലിയ പങ്ക് വഹിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. പെട്രോളിൽ എഥനോൾ കലർത്തിയില്ലായിരുന്നെങ്കിൽ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 125 രൂപയായി വില വർധിക്കുമായിരുന്നുവെന്ന് പെട്രോളിയം മന്ത്രാലയത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

To advertise here,

'ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 135 ഡോളർ വരെ ഉയർന്ന സമയത്ത്, എഥനോൾ മിശ്രണം ഇല്ലായിരുന്നെങ്കിൽ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 125 രൂപ വരെ എത്തുമായിരുന്നു. എന്നാൽ എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിച്ചതിലൂടെ ഉപഭോക്താക്കൾക്ക് ലിറ്ററിന് ഏകദേശം 30 രൂപയുടെ ലാഭം ലഭിക്കുകയും 94.77 രൂപയ്ക്ക് പെട്രോൾ ലഭ്യമാവുകയും ചെയ്തു' മന്ത്രാലയം അറിയിച്ചു.

പെട്രോളിൽ എഥനോൾ ചേർക്കുന്നതിനെതിരെ വിമർശനവും പ്രതിഷേധവും ഉയരുന്നതിനിടെയാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു പ്രതിരോധമുയർത്തി രംഗത്തെത്തിയിരിക്കുന്നത്. പാവപ്പെട്ടവർക്ക് നൽകേണ്ട ഭക്ഷ്യധാന്യങ്ങളോ എഫ്.സി.ഐ (FCI) വഴി വിതരണം ചെയ്യുന്ന സബ്സിഡിയുള്ള അരിയോ എഥനോൾ ഉൽപ്പാദനത്തിനായി വകമാറ്റുന്നു എന്ന ആരോപണങ്ങളെയും സർക്കാർ തള്ളി.

ഫെബ്രുവരി 28 ന് പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം ക്രൂഡ് ഓയിൽ വിലയിൽ വലിയ ഏറ്റക്കുറച്ചിലുകളുണ്ടായി. എന്നാൽ ഏകദേശം 75 ദിവസത്തോളം രാജ്യത്ത് പെട്രോൾ വിലയിൽ മാറ്റമുണ്ടായില്ല. അന്താരാഷ്ട്ര വിപണിയിൽ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നിട്ടും സർക്കാർ പെട്രോൾ, ഡീസൽ വില സ്ഥിരമായി നിലനിർത്തിയെന്നും മന്ത്രാലയം കൂട്ടിച്ചേർക്കുന്നു.

അതേസമയം 20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിക്കുമ്പോൾ ഇന്ധനക്ഷമത ആറ് ശതമാനം വരെ കുറവ് വരുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ പറയുകയുണ്ടായി. എന്നാൽ എഞ്ചിനുകൾക്ക് കേടുവരുത്തില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.

ലോക്‌സഭയിൽ എഴുതി നൽകിയ മറുപടിയിൽ, E10 ഇന്ധനവുമായി താരതമ്യപ്പെടുത്തുമ്പോൾ E20 ഇന്ധനം മികച്ച ആക്‌സിലറേഷൻ, മെച്ചപ്പെട്ട ഡ്രൈവിംഗ് നിലവാരം, ഏകദേശം 30 ശതമാനം കുറഞ്ഞ കാർബൺ പുറന്തള്ളൽ എന്നിവ നൽകുന്നുവെന്ന് ഗഡ്കരി പറഞ്ഞു.