ന്യൂഡൽഹി: ആഗോള വിപണിയിൽ ഡീസൽ വിതരണത്തിലുണ്ടായ കുറവ് ഇന്ത്യൻ എണ്ണശുദ്ധീകരണ കമ്പനികൾക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന് ഇക്വിറസ് റിസർച്ചിന്റെ റിപ്പോർട്ട്. ചൈനയിൽ നിന്നുള്ള കയറ്റുമതി കുറയുന്നതും പ്രധാന അന്താരാഷ്ട്ര വിപണികളിൽ ശേഖരം കുറയുന്നതും ഇന്ത്യൻ ശുദ്ധീകരണ ശാലകൾക്ക് അനുകൂല അന്തരീക്ഷമൊരുക്കും. 'ഓയിൽ ആൻഡ് ഗ്യാസ് വീക്ക്ലി ട്രാക്കർ' റിപ്പോർട്ട് അനുസരിച്ച്, ഡീസൽ വിപണിയിലെ ഈ ദൗർലഭ്യം കമ്പനികളുടെ ലാഭക്ഷമത കുത്തനെ ഉയർത്താൻ സഹായിക്കും.
ചൈനയിൽ നിന്നുള്ള ഡീസൽ കയറ്റുമതിയിൽ ഉണ്ടാകുന്ന വൻ ഇടിവ് അന്താരാഷ്ട്ര വിപണിയിൽ വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. 2026 നവംബറിൽ ചൈനയുടെ കയറ്റുമതി 0.8 മില്യൺ ടണ്ണിൽ താഴെയായി കുറയുമെന്നാണ് കണക്കാക്കുന്നത്. ഒക്ടോബർ അവസാനത്തോടെ ചൈനയിലെ വ്യാവസായിക ഡീസൽ ശേഖരം 11.1 മില്യൺ ടണ്ണിലേക്ക് താഴ്ന്നു, ഇത് 2011-ൽ രേഖപ്പെടുത്താൻ തുടങ്ങിയ ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവാണ്. അമേരിക്കയിലടക്കം ശേഖരം കുറയുന്ന പശ്ചാത്തലത്തിൽ, ക്രൂഡ് ഓയിൽ വിലയും ശുദ്ധീകരിച്ച ഡീസൽ വിലയും തമ്മിലുള്ള വ്യത്യാസമായ 'ഡീസൽ ക്രാക്ക്' വർധിക്കുന്നത് ശുദ്ധീകരണ കമ്പനികളുടെ വരുമാനം വർദ്ധിപ്പിക്കും.
എണ്ണശുദ്ധീകരണ കമ്പനികൾ നേട്ടമുണ്ടാക്കുമ്പോഴും ഇന്ത്യയിലെ എണ്ണ ഉത്പാദകരായ ഒ.എൻ.ജി.സി., ഓയിൽ ഇന്ത്യ എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾ കടുത്ത വെല്ലുവിളികൾ നേരിടുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. മുൻകാലങ്ങളിൽ എണ്ണ വിപണന കമ്പനികൾക്ക് നൽകേണ്ടി വന്ന ഇളവുകൾ, 2022-ൽ നടപ്പിലാക്കിയ വിൻഡ്ഫോൾ ടാക്സ്, സർക്കാരിന്റെ ഇടപെടലുകൾ എന്നിവ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. പഴയ എണ്ണപ്പാടങ്ങളിൽ നിന്നുള്ള ഉത്പാദനത്തിലെ സ്വാഭാവിക കുറവും പുതിയ പദ്ധതികൾ ആരംഭിക്കുന്നതിലുണ്ടാകുന്ന കാലതാമസവും കാരണം ഉത്പാദനം വർധിപ്പിക്കാൻ സാധിക്കാത്തതും വിപണിയെ ബാധിക്കുന്നുണ്ട്.
Published: 16 Nov 2026, 03:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented