മുംബൈ: 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളിയും രൂക്ഷവിമര്‍ശനമുന്നയിച്ചും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരാജയകാരണത്തേക്കുറിച്ച് പരിശോധിക്കുന്നതിന് പകരം തനിക്കെതിരേ വോട്ട് ചെയ്തവരുടെ ജനവിധി തള്ളിക്കളയുകയാണ് രാഹുല്‍. ആ നടപടി അധിക്ഷേപകരമാണെന്ന് ഫഡ്‌നാവിസ് വിമർശിച്ചു. 

To advertise here,

ഇന്ത്യന്‍ എക്‌സ്പ്രസിലും മറാത്തി ദിനപത്രം ലോക്‌സത്തയിലും പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഫഡ്‌നാവിസ് രാഹുലിനെതിരേ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ബിഹാറിലേത് ഉള്‍പ്പെടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരാജയം നേരിടുമ്പോള്‍ പറയാനുള്ള ഒഴിവുകഴിവുകള്‍ രാഹുൽ തയ്യാറാക്കുകയാണെന്നും ഫഡ്‌നാവിസ് പരിഹസിച്ചു. 

തിരഞ്ഞെടുപ്പു കമ്മിഷണര്‍മാരുടെ നിയമനം, വോട്ടര്‍ പട്ടിക പെരുപ്പിക്കല്‍, പോളിങ് ശതമാനം പെരുപ്പിച്ചുകാണിക്കല്‍, കള്ളവോട്ട് തുടങ്ങിയവയിലൂടെ ബിജെപി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചുവെന്ന് ആരോപിച്ചുള്ള രാഹുലിന്റെ ലേഖനം കഴിഞ്ഞദിവസങ്ങളില്‍ വിവിധ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന് മറുപടിയുമായി സംസ്ഥാന മുഖ്യമന്ത്രിയായ ഫഡ്‌നാവിസ് എത്തിയിരിക്കുന്നത്. 

ഇത്തരം ആരോപണങ്ങള്‍ കോണ്‍ഗ്രസിനെ വീണ്ടും ഗര്‍ത്തത്തിലേക്ക് ആഴ്ത്തുകയേ ഉള്ളൂവെന്നും ഫഡ്‌നാവിസ് പറഞ്ഞു. രാജ്യത്തെ ഏത് ദിശയിലേക്കാണ് കൊണ്ടുപോകുന്നത് എന്നതിലും  ജനാധിപത്യ പ്രക്രിയയേക്കുറിച്ചും ഭരണഘടനാസ്ഥാപനങ്ങളേക്കുറിച്ചും നിരന്തരം സംശയം ഉന്നയിച്ചുകൊണ്ട് എന്ത് വിഷമാണ് പരത്തുന്നത് എന്നതിൽ രാഹുല്‍ സൂക്ഷ്മത പുലര്‍ത്തണം, ഫഡ്‌നാവിസ് വിമര്‍ശിച്ചു.

Read more: 'തികച്ചും അസംബന്ധം'; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ