
റായ്പൂർ: ഛത്തീസ്ഗഢിൽ ‘ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയ’ത്തിലെ ബി.എസ്.സി രണ്ടാം വർഷ എൻഡമോളജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിൽ കോളേജ് പ്രൊഫസറെയും അഞ്ച് വിദ്യാർഥികളെയും റായ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. ടെലിബന്ധ പോലീസ് സ്റ്റേഷനിലെ നൂറോളം പോലീസുകാരും സൈബർ സെല്ലും നടത്തിയ സംയുക്താന്വേഷത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.
ദുർഗിലെ ഭാരതി അഗ്രികൾച്ചർ കോളേജിലെ പ്രൊഫസറായ യോഗേഷ് സോങ്കേസരിയ ആണ് തട്ടിപ്പിന്റെ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒരുവർഷമായി സർവകലാശാലയിലെ ചോദ്യപേപ്പറുകളുടെയും ഉത്തരക്കടലാസുകളുടെയും സൂക്ഷിപ്പ് സംബന്ധിച്ച ചുമതല ഇയാൾക്കായിരുന്നു. ഓഗസ്റ്റ് 17-ന് ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന സീൽ ചെയ്ത കവർ ഇയാൾ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന്, കവറിന്റെ ഔദ്യോഗിക സീൽ പൊട്ടിക്കാതെ ചെറിയ ദ്വാരമുണ്ടാക്കി സൂചിയും പോക്കർ ടൂളും 2,500 രൂപ വിലയുള്ള എൻഡോസ്കോപ്പി ക്യാമറയും ഉപയോഗിച്ച് ചോദ്യപേപ്പറിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
ഇങ്ങനെ ചോർത്തിയെടുത്ത ചോദ്യപേപ്പർ പ്രൊഫസർ തന്റെ കോളേജിലെ വിദ്യാർഥികൾക്ക് 11,000 രൂപയ്ക്കാണ് വിറ്റത്. പിന്നീട് ഈ ചോദ്യപേപ്പർ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുകയായിരുന്നു. സംഭവത്തിൽ ആറ് പ്രതികൾ നിലവിൽ പോലീസ് കസ്റ്റഡിയിലുണ്ടെങ്കിലും ഒളിവിലുള്ള മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. കോളേജ് പ്രിൻസിപ്പൽ, ഡീൻ എന്നിവരെ ചോദ്യംചെയ്യുമെന്നും സുരക്ഷാ പ്രോട്ടോക്കോളുകളിൽ എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് ആശങ്ക രേഖപ്പെടുത്തുകയും പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ കർശന നടപടിക്ക് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സർവകലാശാല അഞ്ചംഗ അന്വേഷണ സമിതി രൂപവത്കരിച്ചു. ഓഗസ്റ്റ് 20-ന് നടക്കേണ്ടിയിരുന്ന ഈ പരീക്ഷ എഴുതേണ്ടിയിരുന്നത് 27 കാർഷിക കോളേജുകളിൽനിന്നുള്ള 1,200-ഓളം വിദ്യാർഥികളായിരുന്നു. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് റദ്ദാക്കിയ പരീക്ഷ സെപ്റ്റംബർ ആദ്യവാരത്തിൽ വീണ്ടും നടത്തുമെന്നും അധികൃതർ അറിയിച്ചു.
Content Highlights: IGKV BSc entomology exam question paper leaked using an endoscopy camera., Professor Yogesh Songesaria and five students arrested by Raipur police., Leaked question papers were sold to students for Rs 11,000., Chief Minister Vishnu Deo Sai ordered strict action and a 5-member inquiry committee was formed., Cancelled exam rescheduled for the first week of September.
Published: 23 Aug 2026, 11:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented