ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് വിവരം

തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രചരിപ്പിച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും (ഇക്കണോമിക് ഒഫൻസസ് വിങ്-ഇഒഡബ്ല്യു) എത്തിയേക്കും. സ്പോൺസറുടെ ഫണ്ട് സമാഹരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കള്ളപ്പണ ഇടപാടുകളും ക്രമക്കേടുകളും സംശയിക്കുന്ന പശ്ചാത്തലത്തിലാണ് പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായ ഇഒഡബ്ല്യുവിന് കൈമാറാൻ സർക്കാർ ആലോചിക്കുന്നത്. കായിക വകുപ്പ് നൽകിയ റിപ്പോർട്ടിൽ ഈ സാമ്പത്തിക നടപടിക്രമങ്ങളിലെ പാകപ്പിഴകളും ക്രമക്കേടുകളും വ്യക്തമാക്കുന്ന സാഹചര്യത്തിൽ ഇഒഡബ്ല്യു ഈ കുറ്റകൃത്യം അന്വേഷിക്കണോ എന്ന പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്.
ആദ്യഘട്ടത്തിൽ വിജിലൻസ് അന്വേഷണം മാത്രമാണ് പരിഗണിച്ചിരുന്നതെങ്കിലും, കള്ളപ്പണം വെളുപ്പിക്കൽ, വഞ്ചനാകുറ്റം, കബളിപ്പിക്കൽ തുടങ്ങിയവ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്നതിനാലാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തെയും ഇതിലേക്ക് പരിഗണിക്കുന്നത്. കേസ് ക്രൈം ബ്രാഞ്ചിന് നേരിട്ട് അന്വേഷിക്കാൻ തക്കവിധത്തിലുള്ള കുറ്റകൃത്യങ്ങൾ ഇല്ലെന്ന വിലയിരുത്തലിലാണ് അധികൃതർ. അതിനാൽ ക്രൈം ബ്രാഞ്ചിന്റെ കീഴിൽ തന്നെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗത്തെ (Economic Offences Wing) ഈ കേസ് ഏൽപ്പിക്കാനാണ് നിലവിൽ സാധ്യത കൽപ്പിക്കുന്നത്.
കേസിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം നടത്തണമോ എന്ന കാര്യത്തിൽ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഇന്ന് വൈകിട്ട് നാലരയ്ക്ക് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച ചർച്ചയും തീരുമാനവും ഉണ്ടായേക്കുമെന്നാണ് വിവരങ്ങൾ. മുഖ്യമന്ത്രിക്ക് ഡൽഹിയിലേക്ക് പോകേണ്ടതിനാലാണ് ബുധനാഴ്ചകളിൽ നടക്കുന്ന മന്ത്രിസഭായോഗം ഇന്ന് നടക്കുന്നത്. ഇതോടൊപ്പം, നിലവിൽ പുരോഗമിക്കുന്ന ജിഎസ്ടി (GST) വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന ശേഷമായിരിക്കും തുടർനടപടികളിലേക്ക് സർക്കാർ കടക്കുകയെന്നും സൂചനകളുണ്ട്.
Content Highlights: The Economic Offences Wing (EOW) of the Kerala Police is likely to investigate the financial transactions and sponsorship fund mobilization related to bringing Lionel Messi to Kerala following suspected money laundering and irregularities.
Published: 18 Aug 2026, 10:40 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented