ന്യൂഡൽഹി: വസ്ത്രധാരണത്തിന്റെ പേരിൽ യുവജനപരിപാടിയുടെ വേദിയിലേക്ക് പോകുന്നതിൽനിന്ന് തന്നെ തടഞ്ഞതായി അവകാശപ്പെട്ട് ഡൽഹി സർവ്വകലാശാലാ വിദ്യാർഥിനി. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് ദൗലത്ത് റാം കോളേജിലെ വിദ്യാർഥിനിയായ സാറ ശർമ്മ, 'നാരി ശക്തി: വികസിത് ഭാരത് കി ആവാസ്' എന്ന പേരിൽ നടന്ന ഒരു വനിതാ യുവ പാർലമെന്റ് പരിപാടിയിൽ തന്റെ പരമ്പരാഗതസ്യൂട്ട് സ്ലീവ് ലെസ് ആയതിനാൽ വേദിയിലേക്ക് പ്രവേശനം നിഷേധിച്ചതായി ആരോപിച്ചിരിക്കുന്നത്. ഏപ്രിൽ 12ന് ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിൽ നടന്ന ഈ പരിപാടി യുവജന കാര്യ, കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരത് ആണ് സംഘടിപ്പിച്ചത്.

To advertise here,

കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യയെ ആദരിക്കാൻ തന്നെ തിരഞ്ഞെടുത്തതായി സാറ ശർമ്മ വിശദീകരിച്ചു. എന്നാൽ അവസാനനിമിഷം ഒരു വനിതാ ഉദ്യോഗസ്ഥ തന്നെ തടയുകയും തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ വേദിയിലേക്ക് പോകാൻ കഴിയില്ലെന്ന് പറയുകയും ചെയ്തതായി അവർ ആരോപിച്ചു. തനിക്ക് ഇക്കാര്യം വളരെ വിചിത്രവും അറപ്പും അതീവ നാണക്കേടും തോന്നിയതായി പറഞ്ഞു. തന്റെ വസ്ത്രധാരണം പരമ്പരാഗത വസ്ത്രധാരണരീതിക്ക് അനുസൃതമാണെന്നും പങ്കെടുത്ത മറ്റുള്ളവരും സമാനമായ രീതിയിൽ വസ്ത്രം ധരിച്ചിരുന്നതായും അവർ ചൂണ്ടിക്കാട്ടി.

"പൂർണ്ണമായും ഒരു വനിതാ സമ്മേളനമായിരുന്നു ഇത്. അതായത് ഇവിടെ എല്ലാ ചുമതലകളും സ്ത്രീകൾക്ക് നൽകിയിരുന്നു. മുഖ്യാതിഥിയായി ഡോ. മൻസൂഖ് മാണ്ഡവ്യ എത്തിയിരുന്നു, ഉപഹാരം നൽകാൻ എന്നെ ചുമതലപ്പെടുത്തി. ഞാൻ അവിടെയെത്തിയപ്പോൾ, മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നെ നോക്കി, നിങ്ങൾ സ്ലീവ് ലെസ് ആണ് ധരിച്ചിരിക്കുന്നത്, നിങ്ങൾക്ക് ഉപഹാരം നൽകാൻ കഴിയില്ല എന്ന് പറഞ്ഞു." സാറ ശർമ്മ വീഡിയോയിൽ പറഞ്ഞു.

എന്നാൽ, പരിപാടിയിൽ പങ്കെടുത്ത മറ്റൊരു വിദ്യാർഥി ഈ ആരോപണത്തെ എതിർത്തു. ഉപഹാരം നൽകുന്നതിൽ പങ്കാളിയായിരുന്ന വിഭ ഛാബ്ര, വേദിയിലേക്ക് ആരാണ് പോകേണ്ടത് എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ശേഷം സാറ ശർമ്മ മാറിനിൽക്കാൻ സമ്മതിച്ചതായി പറഞ്ഞു. വസ്ത്രധാരണത്തെ അടിസ്ഥാനമാക്കിയായിരുന്നില്ല തീരുമാനമെന്നും അവർ കൂട്ടിച്ചേർത്തു. ദിഷ ഗോയൽ എന്ന വിദ്യാർഥിനിയും ഈ വാദത്തെ പിന്തുണച്ചു, സംഘാടകർ സ്ലീവ് ലെസ് വസ്ത്രധാരണത്തെ എതിർത്തില്ലെന്ന് പ്രസ്താവിച്ചു.