ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ എബിവിപിയുടെ വനിതാനേതാവ് അധ്യാപകന്റെ മുഖത്തടിച്ചു. അധ്യാപകസംഘടനകൾ നടപടിയാവശ്യപ്പെട്ടതോടെ സംഭവത്തിൽ അന്വേഷണത്തിന് സർവകലാശാല ആറംഗ സമിതിയുണ്ടാക്കി. രണ്ടാഴ്ചയ്ക്കകം വൈസ് ചാൻസലർക്ക് റിപ്പോർട്ട് നൽകണം.
ഡൽഹി സർവകലാശാലയ്ക്കുകീഴിലെ ബി.ആർ. അംബേദ്കർ കോളേജിലെ അച്ചടക്കസമിതി കൺവീനറായ പ്രൊഫ. സുജീത് കുമാറിനുനേരേയാണ് എബിവിപി സംഘത്തിൽനിന്ന് ആക്രമണമുണ്ടായത്. സർവകലാശാലാ വിദ്യാർഥി യൂണിയനിൽ ജോയന്റ് സെക്രട്ടറിയായ ദീപികാ ഝായാണ് അധ്യാപകന്റെ മുഖത്തടിച്ചത്.
വ്യാഴാഴ്ച പ്രിൻസിപ്പലിന്റെ ഓഫീസിൽനടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. എബിവിപി പ്രവർത്തകർ അധ്യാപകനെ വളഞ്ഞിരിക്കുന്നതും കയർത്തുസംസാരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മുറിയിലുണ്ടായിരുന്ന പോലീസുകാർ ഇവരെ പിടിച്ചുമാറ്റുന്നതും കാണാം. ഗുരുപൂജ ആഘോഷിക്കുന്ന എബിവിപിയുടെ ഭാഗത്തുനിന്നുണ്ടായ അധ്യാപക മർദനം വ്യാപക പ്രതിഷേധത്തിനും ഇടയാക്കി.
വീഡിയോ പുറത്തുവന്നതോടെ അധ്യാപകരിൽനിന്ന് പ്രതിഷേധം ശക്തമായി. കാമ്പസിൽ എബിവിപി ഉൾപ്പെട്ട സംഘർഷത്തെക്കുറിച്ചുള്ള പരാതി കേൾക്കുന്നതിനിടെയായിരുന്നു സംഭവമെന്നാണ് അധ്യാപകർ പറയുന്നത്. വിദ്യാർഥി കൗൺസിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എൻഎസ്‌യു നേതാവിനെ എബിവിപി സംഘം ആക്രമിച്ചതാണ് പ്രശ്നത്തിന് കാരണം. അതിലുൾപ്പെട്ട ചില എബിവിപി പ്രവർത്തകരെ മുൻപ് അച്ചടക്കനടപടിയെടുത്ത് സസ്പെൻഡ്ചെയ്തിരുന്നു.
അതേസമയം, അധ്യാപകൻ മദ്യലഹരിയിലായിരുന്നെന്നും മോശം വാക്കുകളുപയോഗിച്ചെന്നും തന്നെ തുറിച്ചുനോക്കിയെന്നും എബിവിപി നേതാവ് ദീപികാ ഝാ ആരോപിച്ചു. പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് പ്രതികരിച്ചതെന്നും വിശദീകരിച്ച് ദീപിക ഖേദം പ്രകടിപ്പിച്ച് പ്രസ്താവനയിറക്കി. ദൃശ്യങ്ങളിൽ തെളിവുണ്ടായിട്ടും കുറ്റക്കാർക്കെതിരേ സർവകലാശാല നടപടിയെടുക്കുന്നില്ലെന്ന് എൻഎസ്‌യു കുറ്റപ്പെടുത്തി. അധ്യാപകന് പിന്തുണയുമായി പ്രകടനം നടത്തിയ ഇടതുവിദ്യാർഥിസംഘടനകൾ കാമ്പസിൽ എബിവിപിയുടെ കോലം കത്തിച്ചു.
Content Highlights: A shocking incident at Delhi University where an ABVP leader allegedly slapped a professor. A six-member committee has been formed by the university to investigate the matter and submit a report.
Published: 18 Oct 2025, 08:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented