ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ രൂപീകൃതമായ പുതിയ പാർട്ടി വിവാദത്തിൽ. അരുണാചൽ ജനതാ പാർട്ടി (എജെപി) എന്ന പുതിയ പാർട്ടിക്ക് പിന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെന്ന് കോൺഗ്രസ് ആരോപിച്ചു. പാർട്ടിയുടെ രൂപീകരണം സംബന്ധിച്ച അറിയിപ്പ് പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശാണ് ആരോപണം ഉന്നയിച്ചത്. തൃണമൂൽ കോൺഗ്രസ് വിട്ടെത്തിയവർക്കായി പശ്ചിമ ബംഗാളിൽ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയെ (എൻസിപിഐ) പുനരുജ്ജീവിപ്പിച്ചതിന് സമാനമായ നീക്കമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായെ ജയ്‌റാം രമേശ് 'സ്വയം പ്രഖ്യാപിത ചാണക്യൻ' എന്ന് പരിഹസിക്കുകയും ചെയ്തു.

To advertise here,

2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ 734 രജിസ്റ്റർ ചെയ്ത, എന്നാൽ അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികൾക്ക് 1,100 കോടി രൂപയിലധികം വരുമാനമുണ്ടായിരുന്നുവെന്നും എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ ജയറാം രമേശ് പറഞ്ഞു. ഇതിൽ പകുതിയോളം തുക ഗുജറാത്തിലെ 29 പാർട്ടികൾക്കാണ് ലഭിച്ചത്. പുതിയ രാഷ്ട്രീയ പാർട്ടികളുടെ രൂപീകരണവും അവയുടെ സാമ്പത്തിക ഇടപാടുകളും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അരുണാചൽ ജനതാ പാർട്ടി 2026 ഒക്ടോബർ 16-ന് രൂപീകരിച്ചതാണെന്ന് പൊതുഅറിയിപ്പിൽ പറയുന്നത്. അരുണാചൽ പ്രദേശിലെ പാപും പാരെ ജില്ലയിലുള്ള ഇറ്റാനഗറിലെ ആകാശ് ദീപ്, ഡോകും കോളനിയിലെ 15-ാം നമ്പർ കെട്ടിടമാണ് പാർട്ടിയുടെ ആസ്ഥാനമായി അറിയിച്ചിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമം, 1951-ലെ 29എ വകുപ്പ് പ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷനിൽ പാർട്ടിയെ രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകാനാണ് നീക്കം. നിർദിഷ്ട രജിസ്‌ട്രേഷനിൽ എതിർപ്പുള്ളവർക്ക് ഡിസംബർ മൂന്നിനകം രേഖാമൂലം പരാതി നൽകാമെന്നും അറിയിപ്പിൽ പറയുന്നു. ന്യൂഡൽഹിയിലെ അശോക റോഡിലുള്ള നിർവചൻ സദനിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്താണ് പരാതി സമർപ്പിക്കേണ്ടത്.

ജയ്‌റാം രമേശ് പരാമർശിച്ച, പശ്ചിമ ബംഗാളിൽ നിന്നുള്ള നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ 2022 ഒക്ടോബറിലാണ് രൂപവത്കരിച്ചത്. ഈ പാർട്ടി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടിയാണ്. മാസങ്ങൾക്കുമുമ്പ് പാർട്ടി ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിൽ ചേർന്നിരുന്നു. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടതിനു പിന്നാലെയാണ് ഈ നീക്കമുണ്ടായത്.

തൃണമൂൽ കോൺഗ്രസിന്റെ 27 ലോക്‌സഭാംഗങ്ങളിൽ 20 പേർ പാർട്ടി വിട്ട് എൻസിപിഐയിൽ ചേരുകയും ചെയ്തിരുന്നു. ഇവർ ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഈ സംഭവം പരാമർശിച്ചാണ് പുതിയ അരുണാചൽ ജനതാ പാർട്ടിയുടെ രൂപീകരണത്തെയും അമിത് ഷായുടെ പങ്കിനെയും ബന്ധപ്പെടുത്തി ജയറാം രമേശ് ആരോപണം ഉന്നയിച്ചത്.