ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനം രാജ്യതലസ്ഥാനത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. സ്ഫോടനത്തിന്റെ പ്രകമ്പനത്തില്‍ സമീപത്തെ തെരുവുവിളക്കുകള്‍ തകരുകയും കാറുകള്‍ 300 മീറ്റര്‍ അകലേക്കുവരെ തെറിച്ചുപോയതായും ദൃക്സാക്ഷികള്‍ പറഞ്ഞു. 20 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.
സ്ഫോടനത്തില്‍ ആറോളം വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. നിര്‍ത്തിയിട്ടിരുന്ന ഒരു ഇക്കോ വാനിലാണ് ആദ്യം സ്ഫോടനമുണ്ടായതെന്നാണ് സംശയം. രണ്ട് വാഹനങ്ങളില്‍ ഒരേസമയം സ്‌ഫോടനം നടന്നതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. സ്‌ഫോടനത്തിനു പിന്നാലെ സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലേയ്ക്ക് തീ പടരുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതം കാരണം ഏതാനും മീറ്ററുകള്‍ അകലെ പാര്‍ക്ക് ചെയ്തിരുന്ന ചില വാഹനങ്ങളുടെ ഗ്ലാസുകളടക്കം തകര്‍ന്നിട്ടുണ്ട്.
സ്ഫോടനം സംബന്ധിച്ച് 6.55-ഓടെയാണ് വിവരം ലഭിക്കുന്നതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. വളരെ ശക്തമായ സ്ഫോടനമാണ് നടന്നതെന്ന് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സ്‌പെഷ്യല്‍ സെല്ലിലെ ഡിസിപി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല. ഭീകരവിരുദ്ധ ഏജന്‍സിയായ എന്‍ഐഎയുടെയും ദേശീയ സുരക്ഷാ ഗാര്‍ഡിന്റെയും (എന്‍എസ്ജി) സംഘങ്ങള്‍ സ്‌ഫോടന സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം ഒരു കാറിലെ സിഎന്‍ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം, ഉഗ്ര ശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുള്ള ഐഇഡി സ്ഫോടനം ആകാമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
ഒൻപതുപേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പേര്‍ക്ക് പരിക്കേറ്റതായും ദേശീയമാധ്യമങ്ങൾ വ്യക്തമാക്കുന്നു. പരിക്കേറ്റവരെ സമീപത്തെ ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നുണ്ട്.
Content Highlights: Powerful explosion near Delhi`s Red Fort Metro Station shatters streetlights, throws cars far. Forensic teams investigate. Get latest updates on this developing story.
Published: 10 Nov 2025, 08:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented