നിലമ്പൂർ: വീടിന്റെ അടുക്കളയ്ക്കടുത്ത ഷെഡ്ഡിൽ സ്ഥാപിച്ചിരുന്ന പാചകവാതക സിലിൻഡർ തീപിടിച്ച് പൊട്ടിത്തെറിച്ചു. ഷെഡ്ഡ് പൂർണമായും തകർന്നു. വീടിന്റെ പുറത്തായതിനാൽ മറ്റ് അപകടങ്ങളൊഴിഞ്ഞു.

To advertise here,

നിലമ്പൂർ മണലോടി റോഡിലെ 'രാജസൂയ'ത്തിൽ മുൻ എക്സൈസ് കമ്മീഷണർ പി.വി. മുരളീകുമാറിന്റെ വീട്ടിൽ ചൊവ്വാഴ്ച പുലർച്ചെ ഒന്നരയ്ക്കാണ് സംഭവം. ഷെഡ്ഡിൽനിന്ന് പുക ഉയരുന്നത് അയൽവാസികളാണ് കണ്ടത്. ഇവർ വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും പുകമാറി തീയായി. വൻ ശബ്ദത്തോടെ സിലിൻഡർ പൊട്ടിത്തെറിക്കുകയും ചെയ്തു. അഗ്നിരക്ഷാസേനയെത്തി രണ്ടരയോടെ തീ അണച്ചു.

പുറത്തെ ഷെഡ്ഡിൽ സിലിൻഡർവെച്ച് അതിൽനിന്ന് അടുക്കളയിലേക്ക് പാചകവാതകം എത്തിക്കുകയാണ് ഇവിടെ പതിവായി ചെയ്യുന്നത്.

ഒരുവശത്ത് സൂക്ഷിച്ചിരുന്ന പാത്രങ്ങളും ഉപകരണങ്ങളും കൂൺകൃഷിയും സമീപത്തെ കിണറിലേക്ക് വെച്ചിരുന്ന മോട്ടോറിന്റെ പൈപ്പുകളുംം കത്തിനശിച്ചിട്ടുണ്ട്.

സിലിൻഡറിൽനിന്ന് പാചകവാതകം ചോർന്നതും സമീപത്തെ വൈദ്യുതി മോട്ടോറിൽനിന്ന് തീപ്പൊരി ഉണ്ടായതുമാകാം അപകടകാരണമായതെന്ന നിഗമനത്തിലാണ് വീട്ടുകാർ. പാചകവാതക ഏജൻസിയിൽനിന്നുള്ള സൂചനയും ഇതിലേയ്ക്കാണ് വിരൽചൂണ്ടുന്നത്.

പാചകത്തിന് ഉപയോഗിച്ചിരുന്ന സിലിൻഡറിനു പുറമെ, വാതകമുള്ള മറ്റൊരു സിലിൻഡറും ഇവരുടെ തോട്ടത്തിലെ വീട്ടിൽ ഉപയോഗിച്ചിരുന്ന രണ്ട് കാലി സിലിൻഡറുകളും ഇവിടെയുണ്ടായിരുന്നു. അതിന് അപകടമൊന്നും ഉണ്ടായില്ല.

ഓർക്കാം ഇക്കാര്യങ്ങൾ

പരമാവധി ദൂരം 1.5 മീറ്റർ

ഗ്യാസ് സിലിൻഡറും സ്റ്റൗവും തമ്മിൽ ഒന്നരമീറ്റർ ദൂരം മാത്രമേ ഉണ്ടാകാവൂ. ഒരാളുടെ ഒരു കൈകൊണ്ട് റെഗുലേറ്റർ ഓണാക്കുമ്പോൾതന്നെ മറ്റേ കൈകൊണ്ട് സ്റ്റൗവിന്റെ നോബും തിരിക്കാൻ കഴിയണം.

ഓഫാക്കൂ, റെഗുലേറ്ററും

രാത്രി പാചകം പൂർത്തിയായാൽ ഗ്യാസ് സ്റ്റൗ മാത്രമല്ല, സിലിൻഡറിലെ റെഗുലേറ്ററും ഓഫ് ചെയ്തുവെന്ന് ഉറപ്പാക്കുക. ട്യൂബിൽ അവശേഷിക്കുന്ന ഗ്യാസ് കൂടി ഇതിലൂടെ കത്തിത്തീരും.

മാറ്റാം, പഴയ ട്യൂബ്

ഗ്യാസ് സ്റ്റൗവിൽ ഘടിപ്പിക്കുന്ന ട്യൂബ് അഞ്ചുവർഷത്തിലൊരിക്കൽ നിർബന്ധമായും മാറ്റുക.

മാറ്റിക്കിട്ടും സൗജന്യമായി

ഗ്യാസ് ചോർച്ചയുണ്ടെന്ന് സംശയം തോന്നിയാൽ സ്വന്തമായി ഒന്നുംചെയ്യാതെ ഗ്യാസ് ഓഫീസുമായി ബന്ധപ്പെടുക.

ഗ്യാസ് വിതരണംചെയ്യുന്ന കമ്പനികളുടേതല്ലാതെയുള്ള റെഗുലേറ്ററുകൾ ഒരിക്കലും ഉപയോഗിക്കരുത്. റെഗുലേറ്ററിന് ആജീവനാന്ത ഗ്യാരന്റിയുള്ളതാണെന്ന് ഓർക്കുക. തകരാറിലുള്ള റെഗുലേറ്ററും ഗ്യാസിന്റെ ബുക്കുമായി ചെന്നാൽ ഗ്യാസ് വിതരണ കമ്പനിക്കാർ സൗജന്യമായി റെഗുലേറ്റർ മാറ്റിത്തരും.

ഒന്നിച്ചുവേണ്ടാ വിറകും ഗ്യാസും

ഗ്യാസ് അടുപ്പുപയോഗിക്കുന്ന അടുക്കളകളിൽ ഒരിക്കലും വിറകുപയോഗിക്കരുത്. വിറക് ഉപയോഗിക്കണമെങ്കിൽ അതിനായി പ്രത്യേക അടുക്കളതന്നെയുണ്ടാക്കണം.

മണത്തറിയാം ചോർച്ച

ഗ്യാസിന് മണമില്ലെങ്കിലും ഗ്യാസ് ചോർച്ച തിരിച്ചറിയാൻ മണം ചേർക്കുന്നുണ്ട്. ഗ്യാസ് ചോരുന്നുണ്ടെന്ന് സംശയംതോന്നിയാൽ വൈദ്യുതി സ്വിച്ചുകൾ ഉപയോഗിക്കാതിരിക്കുക. ജനലുകളും വാതിലുകളും തുറന്നിട്ട്, ചോർച്ചയുണ്ടെന്ന് സംശയിക്കുന്ന സിലിൻഡർ മുറിക്കുപുറത്തേക്ക് മാറ്റുക.

(വിവരങ്ങൾക്ക് കടപ്പാട്: തോമസ്, എം.സി. ഗ്യാസ് വിതരണ ഏജൻസി ഉടമ, നിലമ്പൂർ)