ന്യൂഡൽഹി: അനധികൃതമായി വിദേശഫണ്ട് സ്വീകരിച്ചെന്നാരോപിച്ച് വാർത്താപോർട്ടലായ ന്യൂസ്‌ക്ലിക്കിനും സ്ഥാപകനായ പ്രബീർ പുരകായസ്തയുടെയും പേരിൽ രജിസ്റ്റർ ചെയ്തിരുന്ന ഇ.ഡി. കേസ് റദ്ദാക്കി ഡൽഹി ഹൈക്കോടതി. ഡൽഹി പോലീസിന്റെ സാന്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ എഫ്.ഐ.ആറും ഇ.ഡി.യുടെ ഇ.സി.ഐ.ആറും ഹൈക്കോടതിയിലെ ജസ്റ്റിസ് നീനാ ബൻസാൽ കൃഷ്ണയാണ് റദ്ദാക്കിയത്.

To advertise here,

സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവർത്തനത്തിനെതിരേയുള്ള അധികാര ദുർവിനിയോഗമാണെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഏകദേശം ഒന്നരവർഷമായി ഇ.ഡി. അന്വേഷണങ്ങൾ നടത്തുകയാണ്. എന്നാൽ, ഇതുവരെ കുറ്റകരമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കോടതി ഉത്തരവിലുണ്ട്‌.

എഫ്.ഐ.ആറുകളിലെ ആരോപണങ്ങൾ ശരിയാണെന്ന് അംഗീകരിച്ചാൽത്തന്നെയും അതിൽ ചേർത്തിട്ടുള്ള ജാമ്യമില്ലാ വകുപ്പുകൾ നിലനിൽക്കില്ലായിരുന്നെന്ന് കോടതി നിരീക്ഷിച്ചു. നിയമപ്രകാരമാണ് ന്യൂസ്‌ക്ലിക്ക് വിദേശത്തുനിന്ന് സംഭാവന സ്വീകരിച്ചതെന്നും കോടതി വ്യക്തമാക്കി. ചൈനയിൽനിന്ന് പണം സ്വീകരിച്ച് അവർക്ക് അനുകൂലമായ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് കള്ളപ്പണം വെളുപ്പിക്കൽ വകുപ്പുകളിൽ ഇ.ഡി. കേസെടുത്തത്.

2023 ഒക്ടോബറിൽ പ്രബീർ പുരകായസ്തയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വിധിച്ച് 2024 മേയിൽ സുപ്രീംകോടതി അദ്ദേഹത്തെ മോചിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസർക്കാരിന്റെയും നിരന്തര വിമർശകനായ പ്രബീർ പുരകായസ്തയെ യു.എ.പി.എ.ക്കൊപ്പം ക്രിമിനൽ ഗൂഢാലോചന, സമൂഹത്തിൽ സ്പർധ വളർത്തൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ചൈനീസ് സ്ഥാപനങ്ങളിൽ നിന്നായി 115 കോടിയോളം രൂപ ന്യൂസ് ക്ലിക്കിലേക്കെത്തിയെന്നാണ് ഇ.ഡി.യും പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ആരോപിച്ചത്.