ന്യൂഡല്‍ഹി: 1999-ലെ കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായിയുടെ ശിക്ഷ നടപ്പാക്കുന്നത് ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. ദിലീപ് റായിയെ മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ച പ്രത്യേക സിബിഐ കോടതി വിധി നടപ്പാക്കുന്നതാണ് ഡല്‍ഹി ഹൈക്കോടതി തടഞ്ഞിരിക്കുന്നത്.

To advertise here,

ജാര്‍ഖണ്ഡില്‍ കല്‍ക്കരി ബ്ലോക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് പ്രത്യേക സിബിഐ കോടതി അദ്ദേഹത്തെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചത്. ഇദ്ദേഹത്തിനെതിരെ ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പടെയുളള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. 

നേരത്തെ റായ് കുറ്റക്കാരനെന്ന് ഡല്‍ഹി പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. ദിലീപ് റായ്ക്ക് പുറമേ ആ സമയത്ത് കല്‍ക്കരി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന പ്രദീപ് കുമാര്‍ ബാനര്‍ജി, നിത്യ നന്ദ് ഗൗതം, കാസ്ട്രോണ്‍ ടെക്നോളജീസ് ലിമിറ്റഡ് ഉടമ മഹേന്ദ്ര കുമാര്‍ അഗര്‍വാല എന്നിവര്‍ക്കും പ്രത്യേക സി.ബി.ഐ. കോടതി മൂന്നുവര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.

അടല്‍ ബിഹാരി വാജ്‌പേയ് മന്ത്രിസഭയില്‍ കല്‍ക്കരി വകുപ്പ് സഹമന്ത്രിയായിരുന്നു ദീലീപ്.

Content Highlights: Delhi HC suspends 3-year jail term of former Union minister of state for coal Dilip Ray in coal scam