ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഉൾപ്പെട്ട കൽക്കരി കുംഭകോണ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി. കേസിൽ സിബിഐ നൽകിയ ക്ലോഷർ റിപ്പോർട്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അവസാനിപ്പിച്ചു. കേസിൽ ആറാം പ്രതിയായിരുന്ന മൻമോഹൻ സിങ്ങിന്റെ മരണത്തിന് രണ്ടുവർഷങ്ങൾക്കിപ്പുറമാണ് അദ്ദേഹത്തിന് ക്ലീൻ ചിറ്റ് ലഭിച്ചിരിക്കുന്നത്.

To advertise here,

ഒഡീഷയിലെ താലാബീര-II കൽക്കരിപ്പാടം സ്വകാര്യ കമ്പനിക്ക് അനുവദിച്ച കേസിലാണ് മുൻ പ്രധാനമന്ത്രി കുറ്റവിമുക്തനായത്. കേസിൽ മൻമോഹൻ സിങ്ങും മറ്റ് അഞ്ചുപേരും വിചാരണ നേരിടണമെന്ന സിബിഐ കോടതിയുടെ 2015-ലെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. മുൻ പ്രധാനമന്ത്രിയെ വിചാരണ ചെയ്യാൻ തെളിവില്ല എന്ന സിബിഐ കണ്ടെത്തൽ അംഗീകരിക്കാൻ പ്രത്യേക സിബിഐ കോടതി വിസമ്മതിച്ചതിനെ തുടർന്ന് ആരംഭിച്ച നിയമപോരാട്ടത്തിനാണ് 11 വർഷങ്ങൾക്ക് ശേഷം അന്ത്യമായിരിക്കുന്നത്.

സാധുവായ കാരണങ്ങളില്ലാതെയാണ് സിബിഐയുടെ ക്ലോഷർ റിപ്പോർട്ട് പ്രത്യേക കോടതി ജഡ്ജി തള്ളിയതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. വിശദമായ അന്വേഷണമാണ് സിബിഐ നടത്തിയത്. രണ്ട് വ്യത്യസ്ത ക്ലോഷർ റിപ്പോർട്ടുകളും അവർ സമർപ്പിച്ചു. ക്രിമിനൽ കേസ് നിലനിൽക്കില്ലെന്നാണ് രണ്ട് റിപ്പോർട്ടുകളുടേയും നിഗമനമെന്നും ബെഞ്ച് വ്യക്തമാക്കി. ഇതോടെ കേസ് ഔദ്യോഗികമായി അവസാനിച്ചിരിക്കുകയാണ്.

പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവ് വന്നതിന് പിന്നാലെ ആഴ്ചകൾക്ക് ശേഷം 2015 ഏപ്രിൽ ഒന്നിന് തന്നെ അത് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. അന്ന് മുതൽ നടക്കുന്ന നിയമയുദ്ധമാണ് ബുധനാഴ്ചത്തെ വിധിയോടെ അവസാനിച്ചത്.

എതിരാളികൾ പോലും അംഗീകരിക്കുന്ന മൻമോഹൻ സിങ്ങിന്റെ സത്യസന്ധമായ രാഷ്ട്രീയ ജീവിതത്തിനുമേൽ വീണ കരിനിഴലായിരുന്നു കൽക്കരിപ്പാടം കുഭകോണം. സുപ്രീം കോടതിയിൽ നിന്ന് ക്ലീൻ ചിറ്റ് വന്നതോടെ മരണത്തിന് ശേഷമാണെങ്കിലും ആ കരിനിഴലിൽ നിന്ന് മോചിതനായിരിക്കുകയാണ് മുൻ പ്രധാനമന്ത്രി.