ന്യൂഡൽഹി: ഡൽഹിയിലെ രാംലീല മൈതാനത്ത് നടന്ന പ്രതിപക്ഷ റാലിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെയും ബിജെപിയെയും രൂക്ഷ ഭാഷയിൽ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും മുൻ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി. പ്രശസ്തമായ 'ജോണി ജോണി യെസ് പപ്പാ' എന്ന കുട്ടികളുടെ കവിതയെ പാരഡിയാക്കി മാറ്റിയാണ് അവർ ജനക്കൂട്ടത്തെക്കൊണ്ട് മുദ്രാവാക്യങ്ങൾ വിളിപ്പിച്ചത്.

To advertise here,

ബി.ജെ.പി വോട്ടുകൾ മോഷ്ടിക്കുകയാണെന്നും ജനാധിപത്യത്തെ തകർത്ത് ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടെ പശ്ചിമ ബംഗാളിൽ നിന്ന് ഒരു കോടിയിലധികം വോട്ടുകൾ ഇല്ലാതാക്കിയെന്ന് ആരോപിച്ച അവർ ചീഫ് ഇലക്ഷൻ കമ്മീഷണറെ 'വാനിഷ് കുമാർ' എന്നും വിശേഷിപ്പിച്ചു.

വോട്ട് തിരിമറിയെയും തിരഞ്ഞെടുപ്പ് ഫലങ്ങളിലെ കൃത്രിമത്വത്തെയും പരാമർശിച്ചുകൊണ്ട് മമത ജനക്കൂട്ടത്തോട് ചോദിച്ച ചോദ്യങ്ങൾക്ക് അണികൾ കുട്ടികളുടെ കവിതയുടെ ശൈലിയിൽ മറുപടി നൽകി.

"വാനിഷ് വാനിഷ്? യെസ് പപ്പാ!

വോട്ട് മോഷണമോ? യെസ് പപ്പാ!

ജനാധിപത്യ മോഷണമോ? യെസ് പപ്പാ!

ആരാണ് കൊള്ളയടിച്ചത്? ബി.ജെ.പി പപ്പാ!

തൊഴിലും അന്തസ്സും കർഷകരുടെ ആദരവും തൊഴിലാളികളുടെ വീടുകളും തകർത്തത് ആരാണ്? ബി.ജെ.പി പപ്പാ!"

എന്നിങ്ങനെ ചോദിച്ച അവർ, നമുക്ക് ബി.ജെ.പിയെയും 'വാനിഷ് കുമാറിനെയും' ആവശ്യമില്ല എന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിച്ചു.

ഗ്യാനേഷ് കുമാർ വോട്ടുകൾ മാത്രം ഇല്ലാതാക്കുകയല്ല ചെയ്തതെന്നും മുഴുവൻ വോട്ടെണ്ണൽ പ്രക്രിയയെത്തന്നെ ഇല്ലാതാക്കുകയാണ് ചെയ്തതെന്നും അവർ ആരോപിച്ചു. കേന്ദ്രീകൃതമായ കടന്നുകയറ്റത്തിലൂടെ ബംഗാളിലെ ഒരു കോടിയോളം വോട്ടുകൾ നീക്കം ചെയ്യുകയായിരുന്നുവെന്നും, ഞങ്ങൾ തോറ്റതല്ല മറിച്ച് ഞങ്ങളെ തോൽപ്പിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. ഇതിന് രാഷ്ട്രീയത്തിലൂടെയും ജനാധിപത്യപരമായ പോരാട്ടത്തിലൂടെയും പ്രതികാരം ചെയ്യുമെന്നും അവർ വ്യക്തമാക്കി. വോട്ടർ പട്ടിക പുതുക്കാനുള്ള സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ നടപടിയെ ബി.ജെ.പിക്ക് രാഷ്ട്രീയ ആനുകൂല്യം നൽകാനുള്ള 'സ്പെഷ്യൽ ഇൻസെന്റീവ് റിലീഫ്' എന്നും മമത പരിഹസിച്ചു.