ന്യൂഡല്‍ഹി: ലോക്ക്ഡൗണിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കാത്ത പിന്തിരിപ്പന്‍ വിദ്യാഭാസ സമ്പ്രദായം നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ. കേന്ദ്രം ഡിജിറ്റല്‍ അധ്യാപനം/വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറയുന്നു. 

ഇന്ത്യയുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന ഡിജിറ്റല്‍ വിഭജനം നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ പദ്ധതിയില്‍ അടിച്ചേല്‍പ്പിക്കരുത്. പരമ്പരാഗത സ്‌കൂള്‍ കോളേജ് വിദ്യാഭ്യാസരീതികള്‍ക്ക് പകരം വെയ്ക്കുന്നതാകരുത് ഡിജിറ്റല്‍ വിദ്യാഭ്യാസം. പാര്‍ട്ടി അതെല്ലാ കാലത്തും എതിര്‍ത്തിട്ടുള്ളതാണ്, അത് ഇനിയും തുടരും. 

മഹാമാരിയുടെയും അതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളുടെയും കാലത്ത് അധ്യയനവര്‍ഷം ഭംഗപ്പെടരുത് എന്ന ഉദ്ദേശത്തിലാകാം ഒരുപക്ഷേ ഡിജിറ്റല്‍ രീതികള്‍ ഉപയോഗിച്ചത്. എന്നാല്‍ ഇതൊരിക്കലും ഒരു പകരംവെയ്ക്കലാകരുത്. എല്ലാ വിദ്യാര്‍ഥികള്‍ക്കും സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിക്കാനാകുന്ന ഘട്ടത്തില്‍ മാത്രമേ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലേക്ക് ചുവടു മാറ്റാന്‍ പാടുള്ളൂ. വിദ്യാഭ്യാസത്തിലുണ്ടാക്കുന്ന എല്ലാ ഡിജിറ്റല്‍ വിഭജനത്തെയും പാര്‍ട്ടി എതിര്‍ക്കുന്നു. 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അക്കാദമിക് സെഷനുകള്‍ പുനഃക്രമീകരിക്കണം, അങ്ങനെ ചെയ്താല്‍ സാധാരണ രീതിയില്‍ പരീക്ഷകള്‍ നടത്താന്‍ സാധിക്കും, വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടമാവുകയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. 

എല്ലാവര്‍ക്കും ലഭ്യമല്ലാത്ത ഡിജിറ്റല്‍ വിദ്യാഭ്യാസം നടപ്പാക്കുന്നത് വന്‍ദുരന്തങ്ങള്‍ക്ക് വഴിവെക്കുമെന്ന് പോളിറ്റ്ബ്യൂറോ തീരുമാനങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

Content Highllights: PB over Digital Education System