കോഴിക്കോട്: സി.പി.എം. വിശാല സംസ്ഥാന കമ്മിറ്റിയിൽ സെക്രട്ടറിക്കെതിരേ അച്ചടക്ക നടപടിക്കും സെക്രട്ടേറിയറ്റിന്റെ അഴിച്ചുപണിയിലേക്കും നയിച്ചത് കേന്ദ്രനേതൃത്വത്തിന്റെ ശക്തമായ ഇടപെടൽ. 'തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയിലേക്കു നയിച്ച സംഘടനാകാരണങ്ങൾക്ക് പാർട്ടിയിലെ കുറ്റങ്ങൾ കണ്ടെത്തിയാൽമാത്രം പോരാ, കുറ്റക്കാരായവർക്ക് കൃത്യമായി ഉത്തരവാദിത്വവും നിശ്ചയിക്കണം'-വിശാല സമിതിക്കിടെ ചൊവ്വാഴ്ച ചേർന്ന പൊളിറ്റ്ബ്യൂറോ അംഗങ്ങളുടെ യോഗത്തിൽ കേന്ദ്രനേതാക്കൾ നിലപാട് വ്യക്തമാക്കി. കേവലമായ നടപടികൾക്കപ്പുറം, പൊതുജനങ്ങൾക്കു ബോധ്യമാവുന്ന തിരുത്തൽ വേണമെന്നും നിർദേശമുണ്ടായി.

To advertise here,

ഇപ്പോഴത്തെ പതനത്തിന് സെക്രട്ടറി മാത്രമല്ല, സെക്രട്ടേറിയറ്റും കുറ്റക്കാരാണെന്ന് ചർച്ചയിലുയർന്ന പൊതുവികാരം തിരിച്ചറിഞ്ഞായിരുന്നു പി.ബിയുടെ ഇടപെടൽ. ഇതോടെ, അച്ചടക്കനടപടി സെക്രട്ടറിയിൽ തന്നെ തുടങ്ങാനുള്ള തീരുമാനം വന്നു. സെക്രട്ടേറിയറ്റിന്റെ അഴിച്ചുപണിക്കുള്ള ദൗത്യവും പി.ബി ഏറ്റെടുത്തു. ഇപ്പോഴുള്ള 17 അംഗ സെക്രട്ടേറിയറ്റ് 18 അംഗ കമ്മിറ്റിയാക്കാൻ അനുമതി നൽകി, പുതുതായി മൂന്നു പേർക്കുള്ള അവസരവുമൊരുക്കി.

കേരളത്തിൽ തെറ്റുതിരുത്തലിന്റെ ഓരോ ഘട്ടത്തിലും കണിശമായി ഇടപെട്ട കേന്ദ്രനേതൃത്വം, പി.ബി അംഗങ്ങളെ ഉൾപ്പെടുത്തി ആദ്യം മുതലേ ഒരു പ്ലാൻ തയ്യാറാക്കിയിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ ആദ്യ തിരഞ്ഞെടുപ്പ് അവലോകന ചർച്ചയിൽ അശോക് ധാവ്ളെ, ബി.വി.രാഘവുലു, കെ.ബാലകൃഷ്ണൻ, വിജുകൃഷ്ണൻ എന്നീ പി.ബി. അംഗങ്ങളാണ് നിരീക്ഷകരായി വന്നത്. സംസ്ഥാന നേതൃത്വത്തെ തള്ളി, സംഘടനാപരാജയത്തിന്റെ കാരണങ്ങൾ അക്കമിട്ടു നിരത്തിയുള്ള കേന്ദ്രകമ്മിറ്റി റിപ്പോർട്ട് അവർ തയ്യാറാക്കിയതായിരുന്നു. പരാജയകാരണങ്ങളുടെ പോസ്റ്റ്മോർട്ടത്തിനുള്ള വിശാല സംസ്ഥാന കമ്മിറ്റിയിലും ഇതേ പി.ബി. അംഗങ്ങൾ നിരീക്ഷകരായെത്തി. നേതൃമാറ്റത്തിനുള്ള ആലോചന വന്നപ്പോഴെല്ലാം കേന്ദ്രനേതൃത്വം നേരിട്ടു നിർദേശിക്കാതെ, വിശാല സമിതിയിലെ വികാരം നോക്കി തീരുമാനിക്കാമെന്ന നിലപാടിലായിരുന്നു പി.ബി. ചർച്ചകൾക്കു ശേഷമാവട്ടെ, നിർണായക ഇടപെടലുമുണ്ടായി. ഒന്നും ഇതുകൊണ്ടവസാനിക്കില്ലെന്നാണ് വിവരം. വിപുലമായ കർമ്മപരിപാടിക്കായി ഒക്ടോബറിൽ പ്രത്യേക കേന്ദ്രക്കമ്മിറ്റി വിളിച്ചിട്ടുണ്ട്. അവിടെയുമുണ്ടാവും ഇഴ കീറിയുള്ള സംഘടനാപരിശോധന.

പി.ജയരാജനുവേണ്ടി ധാവ്ളെ; പിന്തുണച്ച് പിണറായി

പി.ബി അംഗങ്ങളുടെ യോഗത്തിൽ പി. ജയരാജനെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചത് അശോക് ധാവ്‌ളെയായിരുന്നു. പിണറായി വിജയൻ ഇതിനെ പിന്തുണച്ചു. മറ്റു നേതാക്കളാരും എതിർത്തില്ല. സി.പി.എം-ബി.ജെ.പി ഡീൽ എന്ന പ്രചാരണം തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണമായതിനാൽ, ആർ.എസ്.എസ് അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ പി. ജയരാജന്റെ നേതൃത്വം സമൂഹത്തിൽ പാർട്ടിയെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീങ്ങാൻ സഹായിക്കുമെന്നായിരുന്നു ധാവ്‌ളെയുടെ വാദം.