ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നാം തരംഗം രാജ്യത്ത് ഓഗസ്റ്റ് മധ്യത്തോടെ തുടങ്ങിയേക്കുമെന്ന് എസ്ബിഐ റിസര്‍ച്ചിന്റെ പഠന റിപ്പോര്‍ട്ട്. സെപ്റ്റംബറോടെ മൂന്നാം തരംഗം ഉച്ഛസ്ഥായിയില്‍ എത്തുമെന്നും തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. രണ്ടാം തരംഗം അവസാനിക്കുന്നതിന് മുമ്പാണ് മൂന്നാം തരംഗം ഓഗസറ്റില്‍ തുടങ്ങുമെന്ന പ്രവചനം.

വാക്‌സിനേഷനാണ് മഹാമാരിയില്‍നിന്ന് രക്ഷനേടാനുള്ള ഏകമാര്‍ഗമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ 20.8 ശതമാനത്തിന് ആദ്യ ഡോസ് ലഭിച്ചു. 4.6 ശതമാനത്തിന് മാത്രമാണ് പൂര്‍ണമായും വാക്‌സിന്‍ കുത്തിവെപ്പ് ലഭിച്ചത്. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണിത്. യു.എസ്സില്‍ ജനസംഖ്യയുടെ 47.1 ശതമാനത്തിനും യു.കെയില്‍ 48.7 ശതമാനത്തിനും ഇസ്രയേലില്‍ 59.8 ശതമാനത്തിനും സ്‌പെയിനില്‍ 38.5 ശതമാനത്തിനും ഫ്രാന്‍സില്‍ 31.2 ശതമാനത്തിനും രണ്ട് ഡോസ് ലഭിച്ചു.

രാജ്യത്ത് രണ്ടാം തരംഗം മെയ് ഏഴിനാണ് ഉച്ഛസ്ഥായിയില്‍ എത്തിയതെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗ്രൂപ്പ് ചീഫ് എക്കണോമിക് അഡൈ്വസര്‍ സൗമ്യ കാന്തി ഘോഷ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ജൂലായ് രണ്ടാം വാരത്തോടെ കോവിഡ് കേസുകള്‍ ഗണ്യമായി കുറയും. എന്നാല്‍ ഓഗസ്റ്റ് മധ്യത്തോടെ വീണ്ടും ഉയര്‍ന്ന് തുടങ്ങും. ഒരു മാസത്തോളം കഴിഞ്ഞാവും ഉച്ഛസ്ഥായിയില്‍ എത്തുക.

അതിനിടെ രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ 12 സംസ്ഥാനങ്ങളിലായി ഡെല്‍റ്റ വകഭേദം ബാധിച്ച 51 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മരണ നിരക്ക് മൂന്ന് മാസമായി സ്ഥായിയായി നിലനില്‍ക്കുന്നത് ആശ്വാസമാണ്.

രാജ്യത്ത് പ്രതിദിനം 40 ലക്ഷം വാക്‌സിന്‍ കുത്തിവെപ്പുകള്‍ ഒരു ദിവസം നല്‍കിത്തുടങ്ങിയിട്ടുണ്ട്. കേരളം, രാജസ്ഥാന്‍, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ 60 വയസിന് മുകളില്‍ പ്രായമുള്ള നല്ലൊരു ശതമാനം ജനങ്ങള്‍ക്കും വാക്‌സിന്റെ രണ്ട് ഡോസുകളും നല്‍കിക്കഴിഞ്ഞു. എന്നിരുന്നാലും ഗ്രാമീണ മേഖലകളില്‍ വാകസിന്‍ കുത്തിവെപ്പ് കുറവാണ്. തമിഴ്‌നാട്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, അസം, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ 45 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിന്‍ എടുത്തവര്‍ കുറവാണ്. ഈ സംസ്ഥാനങ്ങള്‍ വാക്‌സിന്‍ കുത്തിവെപ്പ് വേഗത്തില്‍ ആക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Covid third wave likely to hit India in Aug, peak in Sep: Report