ചൈനയിൽ കണ്ടെത്തിയ മാരകമാകാൻ സാധ്യതയുള്ളതും അപകടകരവുമായ കൊറോണ വൈറസിന്റെ പുതിയ വിഭാഗത്തിന് ജനിതകമാറ്റം സംഭവിച്ചാല്‍ അത് അടുത്ത മഹാമാരിക്ക് കാരണമായേക്കാമെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ. പുതിയ HKU5-CoV-2 വൈറസ് മനുഷ്യരെ ബാധിക്കുന്നതിനും രോ​ഗബാധ ഉണ്ടാക്കാൻ കഴിയുന്നതിൽ നിന്ന് ഒരു ചെറിയ ജനിതക മാറ്റം(മ്യൂട്ടേഷൻ) മാത്രം അകലെയാണെന്നാണ് ​ഗവേഷകർ പറയുന്നത്. നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

To advertise here,

2012-ൽ പൊട്ടിപ്പുറപ്പെടുകയും ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാവുകയും ചെയ്ത അപകടകരമായ കൊറോണ വൈറസായ മെർസ്-കോവിന്റെ (MERS-CoV) അതേ കുടുംബത്തിൽപ്പെടുന്നവയാണ് ഈ വൈറസുകളും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 34 ശതമാനമാണ് മെർസ്-കോവ് വൈറസ് ബാധയുടെ മരണനിരക്ക് എന്നതും വിഷയം ​ഗുരുതരമാക്കുന്നു. 

കോവിഡ്-19 ചോർന്നുവെന്ന് സംശയിക്കുന്ന ചൈനയിലെ അതേ ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് വവ്വാലുകളിൽ HKU5 കണ്ടെത്തിയത് എന്നാണ് പഠനത്തിൽ പറയുന്നത്. മനുഷ്യകോശങ്ങളെ ഈ വൈറസ് എങ്ങിനെ ബാധിക്കുമെന്നും ​ഗവേഷകർ പരിശോധിച്ചു. HKU5 വൈറസുകൾക്ക് മനുഷ്യരിലേക്ക് പടരുന്നതിന് ഒരു ചെറിയ ജനിതകമാറ്റം മാത്രം മതിയാകുമെന്ന് കണ്ടെത്തിയതായി പഠനത്തിന് നേതൃത്വം നൽകിയവരിൽ ഒരാളായ വൈറോളജിസ്റ്റ് പ്രൊഫസർ മൈക്കിൾ ലെറ്റ്കോ പറഞ്ഞു. 

വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിൽ(spike protein) ഒരു ചെറിയ മാറ്റം സംഭവിച്ചാൽ അത് മനുഷ്യരുടെ തൊണ്ടയിലും വായയിലും മൂക്കിലുമെല്ലാം കാണപ്പെടുന്ന  ACE2 കോശങ്ങളുമായി ബന്ധിക്കാൻ അവയെ പ്രാപ്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. 

2019 ഡിസംബറിൽ ചൈനയിലാണ് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ട് ലോകത്തെ പലഭാ​ഗങ്ങളിലും രോ​ഗവ്യാപനമുണ്ടാവുകയും ലോകാരോ​ഗ്യസംഘടന ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. രോ​ഗികളുടെ എണ്ണവും മരണനിരക്കും വർധിച്ച സാഹചര്യത്തിൽ പലരാജ്യങ്ങളും ലോക്ക്ഡൗണിലേക്കും പോയിരുന്നു.