പ്രതീകാത്മക ചിത്രം | Photo: AFP
ജനീവ: കൊറോണ വൈറസ് ബാധയെ ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ.) മഹാമാരിയെന്ന് പ്രഖ്യാപിച്ചു. കൊറോണ വൈറസ് ബാധിതരുടെ എണ്ണം ചൈനയ്ക്ക് പുറത്ത് രണ്ടാഴ്ചയ്ക്കിടെ വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണിതെന്ന് ഡബ്ല്യൂഎച്ച്ഒ തലവന്‍ ടഡ്രോസ് അദാനം ഗബ്രിയേസസ് പറഞ്ഞു. വിവിധ ലോകരാജ്യങ്ങളില്‍ രോഗം ഒരേസമയം വ്യാപിക്കുന്ന സാഹചര്യത്തിലാണ് അതിനെ മഹാമാരിയെന്ന് വിലയിരുത്തുന്നത്.
വിവിധ രാജ്യങ്ങള്‍ വൈറസ് വ്യാപനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന നേരത്തെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രാജ്യാതിര്‍ത്തികള്‍ അടയ്ക്കുന്നത് സംബന്ധിച്ചും വിമാനങ്ങള്‍ റദ്ദാക്കുന്നത് സംബന്ധിച്ചും അതാത് രാജ്യങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ഡബ്ല്യൂ.എച്ച്.ഒ. വ്യക്തമാക്കിയിരുന്നു.
നയതന്ത്ര വിസകള്‍ ഒഴികെയുള്ള എല്ലാ വിസകളും റദ്ദാക്കും
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതിയുടെ യോഗം തീരുമാനിച്ചു. നയതന്ത്ര വിസകള്‍ ഒഴികെയുള്ള എല്ലാ വിസകളും ഏപ്രില്‍ 15 വരെ സസ്പെന്‍ഡ് ചെയ്യാന്‍ യോഗം തീരുമാനിച്ചു. മാര്‍ച്ച് 13 മുതല്‍ തീരുമാനം പ്രാബല്യത്തില്‍വരും.
ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് യാത്രചെയ്യേണ്ടി വരുന്നവര്‍ സമീപത്തെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടണം. ചൈന, ഇറ്റലി, ഇറാന്, റിപ്പബ്ലിക് ഓഫ് കൊറിയ, പ്രാന്‍സ്, സ്പെയിന്, ജര്‍മനി എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്നവരോ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരോ ആയ ഇന്ത്യന്‍ പൗരന്മാര് അടക്കമുള്ളവര്‍ രാജ്യത്തെത്തിയാല്‍ അവരെ 14 ദിവസത്തേക്ക് ക്വാറന്റൈന് ചെയ്യും. ഇന്ത്യന്‍ പൗരന്മാര് അത്യാവശ്യമില്ലാത്ത യാത്ര ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കും. ഇന്ത്യയില്‍ എത്തിയാല്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടി വരുമെന്ന് അവരോട് നിര്‍ദ്ദേശിക്കും.
വിദേശികള്‍ക്ക് അതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് ഇറ്റലിയില്‍ പരിശോധന നടത്തുന്നതിനുള്ള സൗകര്യം ഒരുക്കും. പരിശോധനാഫലം നെഗറ്റീവായാല്‍ അവര്‍ക്ക് യാത്രാനുമതി നല്‍കും. ഇന്ത്യയിലെത്തിയശേഷം അവരെ 14 ദിവസം ക്വാറന്റൈന് ചെയ്യാനും മന്ത്രിതല സമിതിയുടെ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
Content Highlights: Coronavirus confirmed as pandemic by WHO
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..