
ന്യൂഡൽഹി: എഐസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷങ്ങൾക്കിടെ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതൃത്വം. ആഘോഷങ്ങൾക്കിടെ ഗാനം പാടിത്തീരുന്നതിന് മുൻപ് നിർത്താൻ ശ്രമിച്ചു എന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
ഇന്ദിരാ ഭവനിൽ വന്ദേമാതരത്തിന്റെ പൂർണ്ണരൂപമാണ് ആലപിച്ചതെന്നും അതിൽ യാതൊരുവിധ വിവാദങ്ങൾക്കും സ്ഥാനമില്ലെന്നും ജയറാം രമേശ് പറഞ്ഞു. ദേശീയഗീതം ആലപിക്കുന്നത് തടയാൻ ആരും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് അധ്യക്ഷൻ ഏറെ നേരമായി ചടങ്ങിൽ എഴുന്നേറ്റു നിൽക്കുകയായിരുന്നു. പ്രായമായ അദ്ദേഹം ബുദ്ധിമുട്ടുന്നത് കണ്ട സോണിയ ഗാന്ധി അദ്ദേഹത്തിന് ഇരിക്കാനായി ഒരു കസേര കൊണ്ടുവരാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ജയറാം രമേശ് വ്യക്തമാക്കി. ഇത് ഗാനാലാപനം തടയാനുള്ള ശ്രമമായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്ന നേതാവ് സോണിയാ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇടയ്ക്കുകയറി ഇടപെട്ടെങ്കിലും ഗാനം നിർത്തിയില്ലെന്നായിരുന്നു വിമർശനം ഉയർന്നത്. സാധാരണമായി ഗാനത്തിന്റെ രണ്ട് ചരണങ്ങൾ മാത്രമാണ് ആലപിക്കുന്നതെങ്കിൽ ഇത്തവണ ഗാനം പൂർണമായി പാടിയതാണ് വിവാദത്തിന് വഴിവെച്ചത്. രാഹുൽ ഗാന്ധി ഉൾപ്പെടെ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സോണിയാഗാന്ധി ഉൾപ്പെടെയുള്ളവർ ആദ്യത്തെ രണ്ട് ചരണങ്ങൾക്ക് ചുണ്ടനക്കുന്നുണ്ടായിരുന്നു. എന്നാൽ രണ്ട് ചരണങ്ങൾ കഴിഞ്ഞും ഗാനം തുടർന്നതോടെ സോണിയയുടെ മുഖഭാവം മാറി. ഇക്കാര്യത്തിലുള്ള അതൃപ്തി ഖർഗെയോട് സൂചിപ്പിച്ചു. ഇതിനിടെ മറുവശത്ത് നിൽക്കുകയായിരുന്ന രാഹുൽഗാന്ധി ഇരുവർക്കും നേരെ നെറ്റി ചുളിച്ച് അതൃപ്തി കലർന്ന ഒരു നോട്ടമെറിയുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു.
നേതാക്കളുടെ ഇടപെടലുകൾ തുടർന്നെങ്കിലും ഗാനം മുഴുവൻ പാടിത്തീർന്നു. സോണിയയാണ് ഏറ്റവും ശക്തമായി ഗാനം നിർത്താൻ ആവശ്യപ്പെട്ടത്. സോണിയ കൈയുയർത്തി ഗാനം നിർത്താൻ ആവശ്യപ്പെടുന്നതും സ്റ്റോപ്പ് എന്നുപറയുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഇതിൽ ഇടപെട്ടശേഷം ഖർഗെ പിന്നീട് സോണിയയെ എന്തോ സംസാരിച്ച് അനുനയിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വന്ദേമാതരം മുഴുവൻ ആലപിക്കില്ലെന്ന പാർട്ടി നിലപാട്, എഐസിസി ആസ്ഥാനത്തോ കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിലോ ഹിമാചൽപ്രദേശിലോ തെലങ്കാനയിലോ നടപ്പായില്ല. ഇവിടങ്ങളിലെല്ലാം വന്ദേമാതരം പൂർണമായി തന്നെ ആലപിച്ചു. കോൺഗ്രസിന് ഭരണമുള്ള സംസ്ഥാനങ്ങളിൽ കേരളത്തിൽ മാത്രമാണ് സംസ്ഥാനതലത്തിലോ ജില്ലാ തലത്തിലോ വന്ദേമാതരം ആലപിക്കാതിരുന്നത്.
Content Highlights: Congress leader Jairam Ramesh clarifies that Vande Mataram was fully sung at Indira Bhawan and no one stopped it.
Published: 15 Aug 2026, 02:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented