ന്യൂഡൽഹി: എ.ഐ.സി.സി. ആസ്ഥാനത്തുനടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം മുഴുവനായി പാടി. മുതിർന്ന നേതാവ് സോണിയാ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഇടയ്ക്കുകയറി ഇടപെട്ടെങ്കിലും ഗാനം നിർത്തിയില്ല. സാധാരണമായി ഗാനത്തിന്റെ രണ്ട് ചരണങ്ങൾ മാത്രമാണ് ആലപിക്കുന്നതെങ്കിൽ ഇത്തവണ ഗാനം പൂർണമായി പാടിയതാണ് വിവാദത്തിന് വഴിവെച്ചത്. രാഹുൽ ഗാന്ധി ഉൾപ്പെടെ ചടങ്ങിൽ സന്നിഹിതരായിരുന്നു.

To advertise here,

സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിനിടെ വന്ദേമാതരം ആലപിക്കാൻ തുടങ്ങിയപ്പോഴാണ് നാടകീയ സംഭവങ്ങളുണ്ടായത്. സോണിയാഗാന്ധി ഉൾപ്പെടെയുള്ളവർ ആദ്യത്തെ രണ്ട് ചരണങ്ങൾക്ക് ചുണ്ടനക്കുന്നുണ്ടായിരുന്നു. എന്നാൽ രണ്ട് ചരണങ്ങൾ കഴിഞ്ഞും ഗാനം തുടർന്നതോടെ സോണിയയുടെ മുഖഭാവം മാറി. ഇക്കാര്യത്തിലുള്ള അതൃപ്തി ഖർഗെയോട് സൂചിപ്പിച്ചു. ഇതിനിടെ മറുവശത്ത് നിൽക്കുകയായിരുന്ന രാഹുൽഗാന്ധി ഇരുവർക്കും നേരെ നെറ്റി ചുളിച്ച് അതൃപ്തി കലർന്ന ഒരു നോട്ടമെറിയുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു.

നേതാക്കളുടെ ഇടപെടലുകൾ തുടർന്നെങ്കിലും ഗാനം മുഴുവൻ പാടിത്തീർന്നു. സോണിയയാണ് ഏറ്റവും ശക്തമായി ഗാനം നിർത്താൻ ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് ഖർഗയേയും പിറകിലുള്ളവരേയും ബന്ധപ്പെട്ടു. സോണിയ കൈയുയർത്തി ഗാനം നിർത്താൻ ആവശ്യപ്പെടുന്നതും സ്റ്റോപ്പ് എന്നുപറയുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഇതിൽ ഇടപെട്ടശേഷം ഖർഗെ പിന്നീട് സോണിയയെ എന്തോ സംസാരിച്ച് അനുനയിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

1937 മുതൽ കോൺഗ്രസ് പിന്തുടരുന്ന നയത്തിന് വിരുദ്ധമായി വന്ദേമാതരം പൂർണമായി ആലപിച്ചത് എ.ഐ.സി.സി. ആസ്ഥാനത്തുണ്ടായ വലിയ ജാഗ്രതക്കുറവായാണ് വിലയിരുത്തപ്പെടുന്നത്. ഇത്തവണ വന്ദേമാതരത്തെച്ചൊല്ലി വലിയ രാഷ്ട്രീയവിവാദങ്ങൾ ഉണ്ടായിരിക്കേയാണ് ഈ സംഭവം. ചെങ്കോട്ടയിലെ രാജ്യത്തിന്റെ ഔദ്യോഗികച്ചടങ്ങുകളിൽ പങ്കെടുക്കാതെയാണ് എ.ഐ.സി.സി. ആസ്ഥാനത്തെ ആഘോഷങ്ങളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തത്.

ദേശീയഗാനമായ ജനഗണമനയ്ക്ക് മുൻപ് വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുതിയ മാർഗനിർദേശം പുറത്തിറക്കിയിരുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചും ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്കും ഔദ്യോഗിക സ്ഥാപനങ്ങൾക്കും കർശന നിർദേശം നൽകി. എന്നാൽ കേരളത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്ത സ്വാതന്ത്ര്യദിനച്ചടങ്ങിൽ വന്ദേമാതരം ഒരുവരിപോലും ആലപിച്ചില്ല. ഈ സാഹചര്യത്തിലാണ് എ.ഐ.സി.സി. ആസ്ഥാനത്ത് ഗാനം മുഴുവനായി ആലപിച്ചത്. വന്ദേമാതരം ബിൽ പാർലമെന്റിൽ വന്നപ്പോൾ അതിനെതിരേ ശക്തമായി നിലകൊണ്ട പാർട്ടിയായിരുന്നു കോൺഗ്രസ്. രാജ്യത്ത് കൂടുതൽ വിഭജനം സൃഷ്ടിക്കാൻ വന്ദേമാതരം ബിൽ കാരണമാകുമെന്നായിരുന്നു കോൺഗ്രസ് നിലപാട്.