ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രവർത്തകർ ശനിയാഴ്ച, 2026 ജൂൺ ആറിന് ന്യൂഡൽഹിയിലെ ജന്തർമന്തറിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി അവസാനിച്ചു. സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളും, മത്സരപരീക്ഷാ ഉദ്യോഗാർത്ഥികളും, രക്ഷിതാക്കളുമടക്കം പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധം സമാധാനപരമായിരുന്നുവെങ്കിലും ആറുപേരെ പേലീസ് കസ്റ്റഡിയിൽ എടുത്തു.

To advertise here,

NEET, CBSE പരീക്ഷകളിലെയും റിക്രൂട്ട്മെന്റ് ടെസ്റ്റുകളിലെയും ക്രമക്കേടുകൾ ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി രാജ്യ തലസ്ഥാനത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.വിദ്യാഭ്യാസ സമ്പ്രദായത്തിലെ ആശങ്കകളാണ് തങ്ങളെ ഈ സമരത്തിലേക്ക് നയിച്ചതെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത പലരും വ്യക്തമാക്കി.

തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിന് പകരം സംഘടനയുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങളിൽ മാത്രം സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് സിജെപി ഓൺലൈൻ മൂവ്മെന്റ് സ്ഥാപകൻ അഭിജിത് ദീപകെ കുറ്റപ്പെടുത്തി. ഇന്ന് രാവിലെയാണ് അഭിജിത് യുഎസിൽ നിന്നും ഡൽഹിയിലെത്തിയത്. കൂട്ടായ്മയുടെ രാഷ്ട്രീയ പ്രവേശനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായാണ് ഇതിനെ കണക്കാക്കുന്നത്.

കാലാവസ്ഥാപ്രവർത്തകൻ സോനം വാങ്ചുകും പ്രതിഷേധത്തിൽ പങ്കുചേർന്നിരുന്നു. പ്രതിഷേധം സമാധാനപരമായാണ് അവസാനിച്ചത്. എങ്കിലും, ജന്തർമന്തറിൽ നടന്ന സമരത്തിനിടെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഒഴിവാക്കുന്നതിനായി ആറ് പേരെ ഡൽഹി പോലീസ് കരുതൽ തടങ്കലിലാക്കിയതായി അധികൃതർ അറിയിച്ചു.

വൈകുന്നേരം അഞ്ചുമണിക്കുള്ളിൽ ധർമേന്ദ്ര പ്രധാൻ രാജിവെക്കണം എന്നായിരുന്നു സിജെപിയുടെ ആവശ്യം. എന്നാൽ ഇത് നടന്നില്ല. അടുത്ത പടിയായി എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നത് സംബന്ധിച്ചും സിജെപി വക്താക്കൾ വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ധർമേന്ദ്ര പ്രധാൻ രാജിവെച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് സിജെപിയുടെ തീരുമാനമെന്നാണ് വിവരങ്ങൾ.