ന്യൂഡല്‍ഹി: സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) കൊച്ചിയിലെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ തുടര്‍നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. എസ്എഫ്‌ഐഒ അന്വേഷണം ചോദ്യംചെയ്യുന്ന സിഎംആര്‍എല്ലിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ജൂലായില്‍ പരിഗണിക്കാനായി മാറ്റിയിരുന്നു. അതുവരെ കുറ്റപത്രത്തില്‍ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് ആവശ്യം. റിപ്പോര്‍ട്ട് പുറത്തുവിട്ടവര്‍ക്കെതിരേ നടപടിവേണമെന്നും അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചോയെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചേക്കും. 

To advertise here,

എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരേ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ചന്ദ്ര ധാരി സിങ്ങിന്റെ ബെഞ്ച് വിശദമായി വാദംകേട്ട് ഡിസംബറില്‍ വിധിപറയാനായി മാറ്റിയിരുന്നു. എന്നാല്‍ ജസ്റ്റിസ് ചന്ദ്ര ധാരി സിങ്ങിനെ കഴിഞ്ഞദിവസം അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയതോടെ വിഷയം പുതിയബെഞ്ച് തുടക്കംമുതല്‍ കേള്‍ക്കേണ്ട അവസ്ഥയായി. പുതിയബെഞ്ച് വിഷയം പരിഗണിക്കാനിരിക്കെയാണ് എസ്എഫ്‌ഐഒ കൊച്ചിയിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന് കരിമണല്‍കമ്പനിയായ സിഎംആര്‍എല്‍ പണം നല്‍കിയത് അഴിമതിയാണെന്നാണ് എസ്എഫ്‌ഐഒ വാദം.

എസ്എഫ്‌ഐഒ അന്വേഷണത്തിന് ഉത്തരവിട്ടത് നിയമപരമാണെന്ന് ആദായനികുതിവകുപ്പും വ്യക്തമാക്കിയിരുന്നു. അതേസമയം, മാസപ്പടി ഇടപാട് ആരോപണം ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയതാണെന്നും അതിനാല്‍ മറ്റ് അന്വേഷണം ആവശ്യമില്ലെന്നുമാണ് സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വാദിച്ചത്.