കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഇഡി അന്വേഷണത്തിനെതിരെ നൽകിയ അപ്പീൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഇഡി റെയ്ഡുകൾക്കും തുടർന്നുള്ള ചോദ്യം ചെയ്യൽ നടപടികൾക്കും പിന്നാലെയാണ് കമ്പനി ഈ നിർണ്ണായക നീക്കം നടത്തിയിരിക്കുന്നത്.
സിഎംആർഎൽ ഓഫീസുകളിൽ ഇഡി വിപുലമായ പരിശോധനകൾ പൂർത്തിയാക്കിയിരുന്നു. ഇതിനു പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയക്കുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കാനിരിക്കെയാണ്, ഈ നീക്കങ്ങൾ തടയാൻ കമ്പനി കോടതിയെ സമീപിച്ചത്. നിലവിൽ വളരെ വേഗത്തിലാണ് ഇഡി ഈ കേസുമായി മുന്നോട്ടുപോകുന്നത്.
നേരത്തെ ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇഡിക്ക് സമാന്തര അന്വേഷണം നടത്താൻ അധികാരമുണ്ടെന്ന അനുകൂലമായ രീക്ഷണങ്ങളോടെയാണ് അന്ന് സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയത്. ഈ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടാണ് കമ്പനി ഇപ്പോൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.
ഡൽഹി ഹൈക്കോടതിയുടെ ചില നിർദ്ദേശങ്ങൾ നിലനിൽക്കുന്നതിനാൽ എസ്എഫ്ഐഒ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ലെന്നാണ് സിഎംആർഎല്ലിന്റെ പ്രധാന വാദം. എസ്എഫ്ഐഒയുടെ പരാതി ഒരു 'പ്രെഡിക്കേറ്റ് ഒഫൻസ്' ആയി കണക്കിലെടുത്ത് മുന്നോട്ടുപോകാൻ ഇഡിക്ക് സാധിക്കില്ലെന്നും കമ്പനി വാദിക്കുന്നു. തങ്ങളുടെ വാദങ്ങളിൽ നിയമപരമായ കഴമ്പുണ്ടെന്നാണ് കമ്പനിയുടെ പക്ഷം.
ഹൈക്കോടതിക്ക് വരും ദിവസങ്ങളിൽ അവധിയായതിനാൽ ഹർജി ഇന്ന് തന്നെ പരിഗണിക്കാൻ സിഎംആർഎൽ ശ്രമിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റർ ജനറലാണ് ഈ കേസിൽ ഹാജരാകുന്നത്. മുതിർന്ന അഭിഭാഷകർ ഹാജരാകേണ്ടതിന്റെ ആവശ്യകത ഇഡി കോടതിയെ അറിയിച്ചാൽ, വിശദമായ വാദത്തിനായി കേസ് അടുത്ത ആഴ്ചയിലേക്ക് മാറാനും സാധ്യതയുണ്ട്.
Content Highlights: CMRL files urgent appeal in Kerala High Court to challenge ED probe.
Published: 29 May 2026, 01:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented