കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയ്ക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) തയ്യാറാക്കിയ കുറ്റപത്രത്തിലെ 134 രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറി.

To advertise here,

കൊച്ചിയിലെ കമ്പനികാര്യ കേസുകൾ കൈകാര്യംചെയ്യുന്ന കോടതിയിൽ ഇഡി നൽകിയ അപേക്ഷയെ തുടർന്നാണ് നടപടി. ഈ നീക്കത്തെ സിഎംആർഎൽ കോടതിയിൽ എതിർത്തെങ്കിലും തടസ്സവാദങ്ങൾ തള്ളിക്കൊണ്ട് രേഖകൾ കൈമാറാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, കോടതി ഉത്തരവ് വന്നിട്ടും രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ലഭിക്കാനുണ്ടായ കാലതാമസം അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.

ഈ മാസം 29-ന് വീണ വിജയനെ രണ്ടാംഘട്ട ചോദ്യംചെയ്യലിനായി വിളിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ രേഖകൾ ലഭ്യമായത് അന്വേഷണസംഘത്തിന് കരുത്താകും. നേരത്തെ വീണയെ ഇഡി ചോദ്യംചെയ്തപ്പോൾ നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു. പുതിയതായി ലഭിച്ച തെളിവുകളും മൊഴികളും നിരത്തിക്കൊണ്ടായിരിക്കും തിങ്കളാഴ്ചത്തെ ചോദ്യംചെയ്യൽ.