ന്യൂഡൽഹി: കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ അറിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ ഉപഹാരമായി കൈമാറിയത് ഭൈരവൻ തെയ്യത്തിന്റെ ശിൽപ്പം. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാൺ മാർഗിൽ വച്ച് നടന്ന കൂടിക്കാഴ്ചയിലാണ് മലബാറിലെ പ്രശസ്തമായ ഭൈരവൻ തെയ്യത്തിന്റെ ശിൽപ്പം മോദിക്ക് മുഖ്യമന്ത്രി കൈമാറിയത്.

To advertise here,

ഭൈരവൻ തെയ്യത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ചും മുഖ്യമന്ത്രി മോദിയോട് വിശദീകരിച്ചു. മലബാറിൽ നാനൂറിലധികം തെയ്യങ്ങൾ ഉണ്ടെന്നും, കണ്ണൂർ, കാസർകോട് ജില്ലകളിലെ ക്ഷേത്രങ്ങളിലും കാവുകളിലും ഭൈരവൻ തെയ്യം കെട്ടിയാടാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂർ പയ്യന്നൂർ സ്വദേശിയായ സുന്ദരേശൻ പയ്യന്നൂരാണ് ശിൽപ്പം രൂപകൽപ്പന ചെയ്തത്. കോവളത്തെ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ വെച്ചായിരുന്നു രൂപകൽപ്പന. രണ്ട് മാസം കൊണ്ടാണ് രൂപകൽപ്പന പൂർത്തിയായത്.

വടക്കൻ മലബാറിലെ അനുഷ്ഠാന കലകളിൽ ഏറെ പ്രാധാന്യമുള്ള തെയ്യമാണ് ഭൈരവൻ തെയ്യം. ക്ഷിപ്ര പ്രസാദിയും ഉഗ്ര മൂർത്തിയുമായ ശിവൻ ബ്രഹ്‌മാവിന്റെ ശിരസറുത്ത പാപം തീർക്കാനായി കപാലവും ധരിച്ചു പന്തീരാണ്ടുകാലം ഭൂമിയിൽ ഭിക്ഷ യാചിച്ച സങ്കൽപ്പമാണ് ഭൈരവൻ തെയ്യം.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വാരാണസി ലോക്‌സഭാ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് മോദിക്കുവേണ്ടി വാരാണസിയിലെ കാല ഭൈരവ ക്ഷേത്രത്തിൽ പൂജ നടത്തിയിരുന്നു.