
ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ മേഘവിസ്ഫോടനത്തിലും മിന്നല്‍പ്രളയത്തിലും ഒരു മരണം. വെള്ളിയാഴ്ച രാത്രിയോടെ തരാലിയിലാണ് മേഘവിസ്ഫോടനമുണ്ടായത്. ശനിയാഴ്ച വൈകിയും പ്രദേശത്ത് കനത്ത മഴ തുടരുകയാണെന്നാണ് വിവരം. മിന്നല്‍പ്രളയം നിരവധി വീടുകളിലും കെട്ടിടങ്ങളിലും നാശംവിതച്ചു. സംഭവത്തെ തുടര്‍ന്ന് രണ്ട് പേരെ കാണാതായതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
നിരവധി വാഹനങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുകയാണ്. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ (എസ്ഡിഎം) ഔദ്യോഗികവസതിയിലും മേഘവിസ്ഫോടനം നാശം വിതച്ചു. തരാലി മാര്‍ക്കറ്റ് അവശിഷ്ടങ്ങളാല്‍ മൂടപ്പെട്ട് കിടക്കുകയാണ്. കനത്ത മഴ നിരവധി റോഡുകളിലെ ഗതാഗതത്തെയും തടസ്സപ്പെടുത്തി.
തരാലി-ഗ്വാല്‍ദം, തരാലി-സാഗ്വാര റോഡുകള്‍ ഗതാഗത യോഗ്യമല്ലാത്തതിനാല്‍ അടച്ചിട്ടു. ദുരിതബാധിത പ്രദേശങ്ങളിലുള്ളവരെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. ഉത്തരാഖണ്ഡില്‍ ദുരിതാശ്വാസ ക്യാംപുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കനത്ത മഴയില്‍ മിക്ക സ്കൂളുകളും അടഞ്ഞുതന്നെകിടന്നു.
സാഗ്വാര ഗ്രാമത്തില്‍ കനത്തമഴയെത്തുടര്‍ന്ന് 20-കാരിയായ യുവതി അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. പോലീസ്, എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് എന്നിവരെ പ്രദേശത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം, ഉത്തരാഖണ്ഡില്‍ തിങ്കളാഴ്ച വരെ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈമാസം ആദ്യം ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങളുണ്ടായിരുന്നു.
Content Highlights: cloudburst again in uttarakhand one dead many missing
Published: 23 Aug 2025, 06:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented