മുംബൈ: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് തെരുവിലിറങ്ങി പാറ്റകൾ. മുംബൈ ശിവാജി പാർക്കിലാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ വൻ പ്രതിഷേധം ആരംഭിച്ചത്. വൈകിട്ട് നാല് മണിയോടെ പ്രതിഷേധം ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. നേരത്തെ തന്നെ പ്രവർത്തകർ ദേശീയപതാകകളുമായി പ്രദേശത്ത് എത്തിയിരുന്നു. ഗാന്ധി ജയന്തി ദിനമായ ഇന്ന് "ജനാധിപത്യത്തെ സംരക്ഷിക്കുക" എന്ന ആഹ്വാനത്തോടെയാണ് സിജെപി മുംബൈയിൽ പ്രതിഷേധ റാലിക്ക് തുടക്കമിട്ടിരിക്കുന്നത്.

To advertise here,

പ്രതിഷേധത്തിന് മുംബൈ പോലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെയുടെയും അനുയായികളുടെയും നേതൃത്വത്തിൽ നൂറുകണക്കിന് ആളുകളാണ് ശിവാജി പാർക്കിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ദാദർ റെയിൽവേ സ്റ്റേഷനിലും ശിവാജി പാർക്ക് പരിസരത്തും കനത്ത പോലീസ് സുരക്ഷയും ആർപിഎഫിനെയും വിന്യസിച്ചിട്ടുണ്ട്.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കുക എന്നതാണ് സിജെപിയുടെ ആവശ്യം. കൂടാതെ എസ്ഐആർ നിർത്തിവെക്കണമെന്നും സിജെപി ആവശ്യമുയർത്തുന്നുണ്ട്. നിലവിലെ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ നിർത്തിവെച്ച്, 2025 ജനുവരിയിലെ വോട്ടർ പട്ടിക പുനഃസ്ഥാപിക്കുകയും സമഗ്രമായ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്യുക. 2023-ലെ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമന നിയമം റദ്ദാക്കി, സിവിൽ സൊസൈറ്റിയുടെ പങ്കാളിത്തത്തോടെ സുതാര്യമായ പുതിയ നിയമനിർമ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉയർത്തുന്നുണ്ട്.

ഗ്യാനേഷ് കുമാർ രാജിവെക്കാത്ത പക്ഷം വരും ദിവസങ്ങളിൽ പ്രതിഷേധം ഡൽഹി ജന്തർ മന്തറിലേക്കും വെസ്റ്റ് ബംഗാൾ, ഉത്തർപ്രദേശ്, ബിഹാർ, ഗോവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്നും അഭിജിത് ദീപ്കെ അറിയിച്ചു. മുംബൈയിൽ സിജെപി ചരിത്രം തിരുത്തിക്കുറിക്കുമെന്നും സിജെപി അറിയിച്ചു.

ഷബാന ആസ്മി, വിശാ ദദ്ലാനി അടക്കമുള്ള സെലബ്രിറ്റി താരങ്ങളും പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തുമെന്നാണ് വിവരം. സോഷ്യൽ മീഡിയകളിൽ കൂടി ഇവർ പിന്തുണ അറിയിച്ചു കൊണ്ടുള്ള വീഡിയോ പങ്കുവെച്ചിട്ടുണ്ട്.