ന്യൂഡൽഹി: ഗാന്ധിജയന്തി ദിവസം സമരകലുഷിതമായി രാജ്യതലസ്ഥാനം. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നും വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടാണ് വിവിധ രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി-യുവജന സംഘടനകളും പ്രതിഷേധിക്കുന്നത്. ആം ആദ്മി പാർട്ടി, സിപിഎം, സിപിഐ, എസ്എഫ്‌ഐ, ഐസ, ഡിവൈഎഫ്‌ഐ എന്നിവരെല്ലാം സമരമുഖത്തുണ്ട്. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, രാജ്യസഭാ എംപി എ.എ. റഹിം, ബൃന്ദാ കാരാട്ട്, വി. വസീഫ് എന്നിവരാണ് നേതൃത്വം നൽകിയത്. നേതാക്കളേയും പ്രവർത്തകരേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

To advertise here,

ജന്തർ മന്തറിലേക്കായിരുന്നു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. സംഘടനകളുടെ പതാകകൾക്കൊപ്പം ഭരണഘടനയും അംബേദ്കറിന്റെ ചിത്രവുമെല്ലാമേന്തിയാണ് പ്രതിഷേധം. പോലീസിന്റെ എല്ലാ സുരക്ഷാ കണക്കുകൂട്ടലുകളും തെറ്റിച്ചാണ് പ്രതിഷേധക്കാർ ജന്തർ മന്തറിന് സമീപത്തേക്ക് മുന്നേറിയത്. എം.എ. ബേബിയുടെ വസതിയിൽ ഒത്തുകൂടിയ പ്രവർത്തകർ വിവിധ ഇടവഴികളിലൂടെയാണ് പോലീസിനെ വെട്ടിച്ച് ജന്തർ മന്തറിന് സമീപമെത്തിയത്. പോലീസ് ഉയർത്തിയ ബാരിക്കേഡുകൾ പ്രതിഷേധക്കാർ തകർത്തു. കേരളാ ഹൗസിന് മുന്നിലൂടെയുള്ള പാതയിൽ ഭാരവാഹനങ്ങളും ട്രക്കുകളും നിരത്തി വഴി പൂർണ്ണമായും അടയ്ക്കാനാണ് പോലീസ് ശ്രമിച്ചത്.

തടസ്സങ്ങൾ മറികടന്ന പ്രതിഷേധക്കാരിൽ പലരേയും പോലീസ് അറസ്റ്റ് ചെയ്ത് വാഹനങ്ങളിലേക്ക് മാറ്റി. എന്നാൽ അറസ്റ്റിലായവരെ കൊണ്ടുപോകാൻ സമ്മതിക്കാതെ പ്രവർത്തകർ പോലീസ് വാഹനത്തിന് ചുറ്റും തടിച്ചുകൂടി പ്രതിഷേധിച്ചു. രാവിലെ ആം ആദ്മി പാർട്ടി പ്രവർത്തകർ നടത്തിയ സമരക്കാരെ പോലീസ് എളുപ്പത്തിൽ കസ്റ്റഡിയിലെടുത്ത് മാറ്റിയിരുന്നു. എന്നാൽ ഇതിന് തൊട്ടുപിന്നാലെ എത്തിയ ഇടത് പ്രവർത്തകരുടെ വലിയ കൂട്ടത്തെ നീക്കം ചെയ്യാൻ പോലീസിന് സാധിച്ചില്ല. പ്രവർത്തകരെ അറസ്റ്റ് ചെയ്തു മാറ്റാൻ ആവശ്യത്തിന് പോലീസ് വാഹനങ്ങൾ പോലും സ്ഥലത്തുണ്ടായിരുന്നില്ല.