പട്‌ന: ബിഹാറില്‍ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ എന്‍ഡിഎ മുന്നണിക്ക് തലവേദനയായി കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന്റെ പാര്‍ട്ടിയുടെ നീക്കങ്ങള്‍. 'രാഷ്ട്രീയത്തില്‍ വാതിലുകള്‍ എപ്പോഴും തുറന്നുകിടക്കുകയാണ്' എന്ന് പറഞ്ഞ പാസ്വാന്റെ പാര്‍ട്ടി പ്രശാന്ത് കിഷോറുമായി സഖ്യം തള്ളിക്കളയനാവില്ലെന്നും വ്യക്തമാക്കുകയുണ്ടായി.
എന്‍ഡിഎയിലെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള എല്‍ജെപി വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരുന്നതിനിടെയാണ് പ്രശാന്ത് കിഷോറുമായി ചര്‍ച്ചകള്‍ നടക്കുന്ന കാര്യം പുറത്ത് വരുന്നത്.
40നും 50നും ഇടയിലുള്ള സീറ്റുകളാണ് എല്‍ജെപി എന്‍ഡിഎയില്‍ ആവശ്യപ്പെടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകളിൽ അഞ്ചില്‍ അഞ്ചും വിജയിച്ചതിന്റെ പശ്ചാത്തലത്തിലാണ് എല്‍ജെപിയുടെ ഈ ആവശ്യം. എന്നാല്‍ 25 സീറ്റുകളില്‍ കൂടുതല്‍ അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ബിജെപി.
പാസ്വാനുമായി നിതീഷും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിതീഷുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് എല്‍ജെപി ഒറ്റയ്ക്കായിരുന്നു മത്സരിച്ചിരുന്നത്. ഒരു സീറ്റിലും വിജയിക്കാനായില്ലെങ്കിലും ഈ നീക്കം നിതീഷ് കുമാറിന്റെ പാര്‍ട്ടിയെ ക്ഷീണിപ്പിച്ചിരുന്നു.
അനുനയ ശ്രമങ്ങളുടെ ഭാഗമായി രാജ്യസഭാ സീറ്റുകളും എംഎല്‍സി സീറ്റുകളും പാസ്വാന് എന്‍ഡിഎ വാഗ്ദാനം ചെയ്തതായും വിവരമുണ്ട്. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തിൽ കണ്ണുവെച്ചിട്ടുള്ള ചിരാഗ് പാസ്വാന്‍ പക്ഷേ ഇതിന് സമ്മതിച്ചിട്ടില്ല.
സംസ്ഥാനത്ത് ചിരാഗ് പാസ്വാന്റെ സ്വാധീനം വര്‍ധിച്ചുവരുന്നുണ്ടെന്നും അത് പ്രതിഫലിപ്പിക്കുന്ന തരത്തില്‍ മാന്യമായ നിയമസഭാ സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
അതേസമയം കന്നിയങ്കത്തിനിറങ്ങുന്ന പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നത് ചിരാഗ് പാസ്വാന് എത്രത്തോളം ഗുണകരമാകുമെന്ന് കണ്ടറിയണം. ഈ സഖ്യത്തില്‍ പാസ്വാന് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചേക്കും, പക്ഷേ ബിഹാറിലെ വിശാലമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരു പുതുമുഖവുമായി കൈകോര്‍ക്കുന്നത് പാസ്വാന്റെ മുഖ്യമന്ത്രിയാകാനുള്ള മോഹങ്ങളെ സഹായിക്കില്ലെന്ന് രാഷ്ട്രീയ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ബിജെപിക്കും എന്‍ഡിഎയ്ക്കുംമേല്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായിട്ടാണ് പ്രശാന്ത് കിഷോറുമായുള്ള പാസ്വാന്റെ സഖ്യ ചര്‍ച്ചകളെന്നും വിവരമുണ്ട്. ഒറ്റയ്ക്ക് ജയിക്കാനായില്ലെങ്കിലും എല്ലാ മണ്ഡലങ്ങളിലും 20000 മുതല്‍ 25000 വോട്ടുകളെ വരെ സ്വാധീനിക്കാന്‍ തനിക്കാകുമെന്നാണ് ചിരാഗ് പാസ്വാന്റെ അവകാശവാദം.
ഇതിനിടെ സംസ്ഥാനത്തെ 243 സീറ്റുകളില്‍ 200 എണ്ണം ബിജെപിയും ജെഡിയുവും തങ്ങള്‍ക്കിടയില്‍ വീതിച്ചെടുക്കാന്‍ ധാരണയായെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബാക്കിയുള്ളത് മാത്രമേ മറ്റു ഘടകക്ഷികള്‍ക്ക് ലഭിക്കുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ബിജെപി-ജെഡിയു വൃത്തങ്ങള്‍ ഈ റിപ്പോര്‍ട്ടുകളെ തള്ളിക്കളഞ്ഞിട്ടില്ല. എന്നാൽ എല്‍ജെപി ഇത് പൂർണ്ണമായും തള്ളിയിട്ടുണ്ട്. ഏതെങ്കിലും ഒരു നേതാവ് ഔദ്യോഗികമായി ഇത് പ്രഖ്യാപിച്ചിട്ടുണ്ടോയെന്നായിരുന്നു എല്‍ജെപിയുടെ ചോദ്യം.
Published: 07 Oct 2025, 03:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented