ന്യൂഡൽഹി: മിസോറം അതിർത്തി വഴി ഇന്ത്യയിലേക്ക് അനധികൃതമായി കടന്നതിന് കഴിഞ്ഞ മാർച്ചിൽ പിടിയിലായ അമേരിക്കൻ പൗരൻ മാത്യു വാൻ ഡൈക്കും ആറ് യുക്രൈൻ പൗരന്മാരും മ്യാൻമറിൽ യാത്രാവിമാനത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ പങ്കാളികളാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഡൽഹി കോടതിയെ അറിയിച്ചു. ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിലാണ് എൻ.ഐ.എ ഇക്കാര്യം വ്യക്തമാക്കിയത്.

To advertise here,

ഈ സംഘം ഇന്ത്യയിലും ഭീകരപ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായും അന്വേഷണ ഏജൻസി കോടതിയിൽ പറഞ്ഞു. നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന മാത്യു വാൻഡൈക്, യുക്രൈൻ പൗരനായ കമിൻസ്കി വിക്ടർ എന്നിവരെ ജയിലിൽ വെച്ച് ചോദ്യംചെയ്യാൻ അനുവദിക്കണമെന്ന എൻ.ഐ.എ.യുടെ ആവശ്യം പ്രത്യേക കോടതി അംഗീകരിച്ചു. പ്രതികളെ ചോദ്യംചെയ്യുന്നത് അന്വേഷണ ഏജൻസിയുടെ സ്വാഭാവിക നടപടിയാണെന്നും അതിൽ സാധാരണയായി കോടതികൾ ഇടപെടാറില്ലെന്നും പ്രത്യേക കോടതി നിരീക്ഷിച്ചു.

വിവിധ തീയതികളിലായി ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ 14 യുക്രൈൻ പൗരന്മാർ ഗുവാഹത്തി വഴി മിസോറമിലേക്ക് യാത്രചെയ്തതായി എൻ.ഐ.എ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആവശ്യമായ അനുമതി ഇല്ലാതെയാണ് ഇവർ നിയമവിരുദ്ധമായി മ്യാൻമറിലേക്ക് കടന്നത്. മ്യാൻമർ സൈനിക ഭരണകൂടത്തിനെതിരായി പ്രവർത്തിക്കുന്ന പ്രാദേശിക ഗോത്രവർഗ്ഗ സായുധ സംഘങ്ങൾക്ക് ഡ്രോൺ പരിശീലനം നൽകാനാണ് ഇവർ മ്യാൻമർ സന്ദർശിച്ചതെന്നാണ് എൻ.ഐ.എ ആരോപിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 20-ന് മ്യാൻമർ നാഷണൽ എയർലൈൻസിന്റെ യാത്രാവിമാനത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ ഇവർക്ക് പങ്കുണ്ടെന്ന വിശ്വസനീയമായ വിവരം കേന്ദ്ര സർക്കാരിന് ലഭിച്ചതായി എൻ.ഐ.എ വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളിൽനിന്ന് പിടിച്ചെടുത്ത ഉപകരണങ്ങളിൽനിന്നുള്ള ചിത്രങ്ങളും വീഡിയോകളും ശബ്ദരേഖകളും കേസിൽ നിർണായക തെളിവുകളായി മാറിയിട്ടുണ്ട്. ഈ ഡിജിറ്റൽ വിവരങ്ങൾ പരിശോധിച്ചതിൽനിന്നാണ് ആക്രമണത്തിന്റെ വിവരങ്ങളും ഇവരുടെ പങ്കും സംബന്ധിച്ച കാര്യങ്ങൾ എൻ.ഐ.എ.യ്ക്ക് ലഭിച്ചത്.