തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് പാര്‍ട്ടി കോടതിയെ സമീപിച്ചത്

ന്യൂഡൽഹി: കഴിഞ്ഞ നവംബറിൽ നടന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി. തിരഞ്ഞെടുപ്പിൽ വൻതോതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് ജൻ സുരാജ് പാർട്ടി കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ഗൗരവതരമായ ആരോപണങ്ങളാണ് ജൻ സുരാജ് പാർട്ടി ഹർജിയിൽ ഉന്നയിക്കുന്നത്. മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജനയിലേക്ക് പുതുതായി ഗുണഭോക്താക്കളെ ചേർക്കുകയും തിരഞ്ഞെടുപ്പ് കാലത്ത് 25 മുതൽ 35 വരെ ലക്ഷത്തോളം സ്ത്രീവോട്ടർമാർക്ക് 10,000 രൂപ നൽകുകയും ചെയ്തതിലൂടെ ബിഹാർ ഭരണകൂടം നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ കാര്യങ്ങളാണ് ചെയ്തത്. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റേയും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനായി ഭരണഘടന നൽകുന്ന ഉറപ്പിന്റേയും ലംഘനമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
തിരഞ്ഞെടുപ്പ് സമയത്ത് വോട്ടർമാർക്ക് പണം നൽകുന്നത് ഭരണഘടനയുടെ 14, 21, 112, 202, 324 എന്നീ വകുപ്പുകളുടെ ലംഘനമാണെന്ന് പ്രശാന്ത് കിഷോറിന്റെ പാർട്ടി ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയിലെ 324, ജനപ്രാതിനിധ്യനിയമത്തിലെ 123 വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിക്കണമെന്നും ജൻ സുരാജ് പാർട്ടി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
വോട്ടർമാർക്ക് പണം നൽകിയതിന് പുറമെ സംസ്ഥാന സർക്കാരിന്റെ ജീവിക പദ്ധതിക്ക് കീഴിൽ സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട 1.80 ലക്ഷത്തോളം വനിതാ ഗുണഭോക്താക്കളെ തിരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടങ്ങളിലും പോളിങ് ബൂത്തുകളിൽ വിന്യസിച്ചതിനേയും ഹർജി ചോദ്യം ചെയ്തു. ഇതെല്ലാം പരിഗണിച്ച് 2025-ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ജൻ സുരാജ് പാർട്ടി ഹർജിയിൽ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ 2024-ൽ തുടങ്ങിയ പാർട്ടിയാണ് ജൻ സുരാജ് പാർട്ടി. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 243 നിയമസഭാ മണ്ഡലങ്ങളിൽ 238-ലും പാർട്ടി മത്സരിച്ചിരുന്നു. എന്നാൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ പ്രശാന്ത് കിഷോറിന്റെ പാർട്ടിക്ക് കഴിഞ്ഞില്ല. നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും നയിക്കുന്ന എൻഡിഎ സഖ്യം 202 സീറ്റ് നേടി ബിഹാർ തിരഞ്ഞെടുപ്പ് തൂത്തുവാരുകയായിരുന്നു.
Content Highlights: Prashant Kishor's Jan Suraaj Party has moved the Supreme Court seeking to annul the November 2025 Bihar Assembly elections, alleging massive electoral fraud. The petition claims the Bihar government illegally transferred ₹10,000 to approximately 25-35 lakh women under the Mukhyamantri Mahila Rojgar Yojana while the Model Code of Conduct was in effect. A bench led by CJI Surya Kant is scheduled to hear the matter on February 6, 2026.
Published: 05 Feb 2026, 06:53 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented