പട്‌ന: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ബിഹാറിലെ ഏഴ് നേതാക്കളെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കി കോണ്‍ഗ്രസ്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും അച്ചടക്കം ലംഘിച്ചുവെന്നും ആരോപിച്ചാണ് നടപടി. ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ബിപിസിസി) അച്ചടക്കസമിതി അധ്യക്ഷന്‍ കപില്‍ദേവ് പ്രസാദ് യാദവാണ് ഇവരെ പുറത്താക്കിക്കൊണ്ടുള്ള അറിയിപ്പ് പുറത്തിറക്കിയത്. സംസ്ഥാന കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായഭിന്നതകളെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് നീക്കം.

To advertise here,

സേവാദളിന്റെ മുന്‍ വൈസ് പ്രസിഡന്റ് ആദിത്യ പസ്വാന്‍, ബിപിസിസി (ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി) മുന്‍ വൈസ് പ്രസിഡന്റ് ഷക്കീലുര്‍ റഹ്‌മാന്‍, കിസാന്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാജ്കുമാര്‍ ശര്‍മ, സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാജ്കുമാര്‍ രാജന്‍, സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കുന്ദന്‍ ഗുപ്ത, അതിപിന്നാക്ക വിഭാഗം മുന്‍ അധ്യക്ഷ കാഞ്ചനാ കുമാരി, ബാങ്ക ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ രവി ഗോള്‍ഡന്‍ എന്നിവര്‍ക്കെതിരേയാണ് നടപടി.

അതേസമയം, നടപടി പാര്‍ട്ടിക്കുള്ളില്‍ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചവരെ ബലിയാടുകളാക്കുകയാണെന്നും തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് മുതിര്‍ന്ന നേതാക്കള്‍ ഒഴിഞ്ഞുമാറുകയാണെന്നുമാണ് വിമര്‍ശനം. എന്നാല്‍, ഇപ്പോള്‍ പുറത്താക്കപ്പെട്ട നേതാക്കള്‍, പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്കെതിരേ സാമൂഹികമാധ്യമങ്ങളിലൂടെയും അച്ചടിമാധ്യമത്തിലൂടെയും ആവര്‍ത്തിച്ച് അടിസ്ഥാന രഹിത ആരോപണങ്ങള്‍ നടത്തിയെന്നാണ് അച്ചടക്ക സമിതിയുടെ കണ്ടെത്തല്‍. സ്ഥാനാര്‍ഥിത്വ നിര്‍ണയത്തില്‍ ക്രമക്കേടുണ്ടായെന്ന വിധത്തില്‍ ഇവര്‍ നടത്തിയ പ്രതികരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കിയെന്നും സമിതി വിലയിരുത്തുന്നു.