ബെംഗളൂരു: ആര്‍സിബിയുടെ അനുമോദനച്ചടങ്ങ് വിധാന്‍ സൗധയില്‍ വെച്ച് നടത്താനുള്ള തീരുമാനമെടുത്തത് സംസ്ഥാന സര്‍ക്കാരെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍. പരിപാടി രാജ്ഭവനില്‍ വെച്ച് നടത്താനാണ് ആദ്യം തീരുമാനിച്ചതെന്നും എന്നാല്‍ കര്‍ണാടക സര്‍ക്കാരാണ് വിധാന്‍ സൗധയില്‍ വെച്ച് പരിപാടി നടത്താമെന്ന് അറിയിച്ചതെന്നും ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സര്‍ക്കാര്‍ പരിപാടിയല്ലെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാദങ്ങളെ ഖണ്ഡിക്കുന്നതാണിത്.
ആര്‍സിബി താരങ്ങളെ രാജ് ഭവനിലേക്ക് ക്ഷണിക്കാനാണ് കര്‍ണാടക ഗവര്‍ണര്‍ ആദ്യം തീരുമാനിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പരിപാടി വിധാന്‍ സൗധയില്‍ വെച്ച് നടത്താമെന്ന് സര്‍ക്കാര്‍ രാജ് ഭവനെ അറിയിക്കുകയായിരുന്നു. പരിപാടിയിലേക്ക് ഗവര്‍ണറെ മുഖ്യമന്ത്രി ഔദ്യോഗികമായി ക്ഷണിച്ചുവെന്നുമാണ് രാജ് ഭവന്‍ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.
അനുമോദനച്ചടങ്ങ് സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നില്ലെന്നും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനാണ് ഗവര്‍ണറെ വിളിച്ചതെന്നുമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നത്. ബെംഗളൂരു ദുരന്തത്തിന് പിന്നാലെ വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും രണ്ടുതട്ടിലാണുള്ളത്.
'കെഎസ്‌സിഎയുടെ (കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍) സെക്രട്ടറിയും ട്രഷററും വന്ന് എന്നെ പരിപാടിയിലേക്ക് ക്ഷണിച്ചു. ഞങ്ങള്‍ ചടങ്ങ് സംഘടിപ്പിച്ചിട്ടില്ല, കെഎസ്‌സിഎയാണ് സംഘടിപ്പിച്ചത്. ഗവര്‍ണറും വരുന്നുണ്ടെന്നാണ് അവര്‍ എന്നെ അറിയിച്ചത്. ഞാന്‍ അവിടെ പോയി എന്നുമാത്രം. ക്ഷണിച്ചതിനുശേഷം മാത്രമാണ് ഞാന്‍ അവിടെ പോയത്, അവര്‍ എന്നെ സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചില്ല. എനിക്ക് മറ്റൊന്നും അറിയില്ല'', സിദ്ധരാമയ്യ അന്ന് മാധ്യമങ്ങളോട് പറഞ്ഞു.
വിജയാഘോഷം സംഘടിപ്പിച്ച വിധാന്‍സൗധയ്ക്ക് പുറത്ത് മുഖ്യമന്ത്രിയും മറ്റ് പ്രധാന നേതാക്കളും ഉണ്ടായിരുന്നു. ഇത് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പോലീസ് സേനയെ ബാധിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. വിഐപി സാന്നിധ്യം ഉണ്ടായതോടെ 1500 പേര്‍ മാത്രം അടങ്ങുന്ന പോലീസ് സംഘത്തിന് കാര്യങ്ങള്‍ നിയന്ത്രിക്കാനാകാതെവന്നു. തിക്കിനും തിരക്കിനും ഇത് പ്രധാന കാരണമായെന്നാണ് ബിജെപി ആരോപിക്കുന്നത്.
ഇക്കഴിഞ്ഞ നാലാംതീയതി ആര്‍സിബിയുടെ ഐപിഎല്‍ വിജയാഘോത്തിന്റെ ഭാഗമായി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിരാട് കോലി ഉള്‍പ്പെടെയുള്ള താരങ്ങളെ കാത്തുനിന്ന ആരാധകര്‍ക്കിടയിലുണ്ടായ തിക്കിലുംതിരക്കിലും 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മേയ് നാലാം തീയതി വൈകുന്നേരം അഞ്ചുമണിയോടെ വിധാന്‍സൗധയിലേക്കാണ് കോലിയും സഹതാരങ്ങളും ആദ്യമെത്തിയത്. സംസ്ഥാനസര്‍ക്കാരിന്റെ സ്വീകരണമായിരുന്നു അവിടെ. റോഡിലും പരിസരങ്ങളിലും ആയിരങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. സ്വീകരണപരിപാടി കഴിയാറായപ്പോഴേക്കും മഴ പെയ്തു. തുടര്‍ന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് പോകാനിരിക്കേയാണ് സ്റ്റേഡിയത്തിന്റെ കവാടത്തിനുമുന്നില്‍ തിക്കുംതിരക്കുമുണ്ടായത്. സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ബെംഗളൂരുവിലെ വിധാന്‍ സൗധയില്‍നിന്ന് ആരംഭിച്ച് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് എത്തുന്ന രീതിയിലാണ് ആര്‍സിബി അധികൃതരും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും ചേര്‍ന്ന് പരേഡ് നിശ്ചിയിച്ചിരുന്നത്. മൂന്നു ലക്ഷത്തിലധികം ആളുകള്‍ ഇവിടേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പോലീസിന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കാതെവന്നു. അപകടത്തിനു പിന്നാലെ ആര്‍സിബി ടീമിന്റെ വിക്ടറി പരേഡ് റദ്ദാക്കിയിരുന്നു.
Content Highlights: Chief Minister planned RCB event invited Governor Raj Bhavan sources
Published: 10 Jun 2025, 01:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented