ന്യൂഡൽഹി: അധികാരമൊഴിഞ്ഞതിന് ശേഷം ജഡ്ജിമാർ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ വ്യക്തിപരമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി രാജ്യസഭയിൽ നടത്തിയ പരാമർശം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭരണഘടനയുടെ അടിസ്ഥാനഘടനാസിദ്ധാന്തം സംവാദാത്മകമാണെന്നായിരുന്നു ഗൊ​ഗോയിയുടെ പരാമർശം. 

To advertise here,

ജമ്മു കശ്മീരിൽ ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് നടന്ന വാദത്തിനിടെ അഭിഭാഷകൻ കപിൽ സിബൽ ​ഗൊ​ഗോയിയുടെ പ്രസ്താവന പരാമർശിച്ചതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്. സംസ്ഥനത്തിന്റെ  പ്രത്യേക പദവി റദ്ദാക്കിയ നടപടി ശരിയല്ലെന്ന് കബിൽ സിബൽ വാദിച്ചു. ഭരണഘടനയുടെ അടിസ്ഥാനഘടനാസിദ്ധാന്തം സംവാദാത്മകമാണെന്ന താങ്കളുടെ സഹപ്രവർത്തകൻ പറഞ്ഞതായും കപിൽ സിബൽ ചൂണ്ടിക്കാട്ടി.  

എന്നാൽ ഒരിക്കൽ ജഡ്ജിമാരായിരുന്നവർ പറയുന്ന പ്രസ്താവനകൾ വെറും അഭിപ്രായങ്ങളാണെന്ന് കപിൽ സിബലിന് മറുപടിയായി ചീഫ് ജസ്റ്റിസ് പറഞ്ഞു. തന്റെ സഹപ്രവർത്തകനെന്ന നിലയിൽ ഒരാളെ പരാമർശിക്കുമ്പോൾ അത് നിലവിൽ ജോലിയിൽ തുടരുന്ന വ്യക്തിയെയായിരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അതേമസയം, വിഷയം സിബൽ പാർലമെന്റിൽ ഉന്നയിക്കേണ്ടതായിരുന്നുവെന്ന് കേസിൽ കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അഭിപ്രായപ്പെട്ടു. ഇന്നലെ അദ്ദേഹം സഭയിൽ ഇല്ലായിരുന്നതിനാലാണ് വിഷയം കോടതിയിൽ ഉന്നയിക്കുന്നത്. കോടതിയിലെ വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാത്തതുപോലെ രാജ്യസഭയിലെ കാര്യങ്ങൾ കോടതിയിലും ചർച്ച ചെയ്യേണ്ടതില്ലെന്നും തുഷാർ മേത്ത സൂചിപ്പിച്ചു.  

​ഗൊ​ഗോയിയുടെ പരാമർശത്തിന് പിന്നാലെ പ്രതിപക്ഷാംഗങ്ങൾ വലിയ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഭരണഘടനയുടെ പൂർണമായ അഴിച്ചുപണിക്ക് തുടക്കമിടാനുള്ള ബി.ജെ.പി.യുടെ തന്ത്രമാണോ ഇതെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എക്‌സിൽ കുറിച്ചു.