റാഞ്ചി: ക്ഷേത്ര തീർഥാടനത്തിനായി പോയ സ്‌കോർപ്പിയോ വാഹനം അപകടത്തിൽപ്പെട്ട് 13 പേർക്ക് ദാരുണാന്ത്യം. ബിഹാറിൽനിന്ന് ഝാർഖണ്ഡിലെ രജറപ്പ ക്ഷേത്രത്തിലേക്കുള്ള തീർഥാടന യാത്രയ്ക്കിടെ റാഞ്ചി-പട്‌ന ദേശീയപാതയിൽവെച്ചായിരുന്നു അപകടം. മരിച്ചവരിൽ നാല് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടുന്നു. വാഹനത്തിൽ ആകെ 14 പേരുണ്ടായിരുന്നു. ഒരാൾക്ക് പരിക്കുണ്ട്. ഇദ്ദേഹത്തെ റാംഗഡിലെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

To advertise here,

റാംഗഡ് ജില്ലയിലെ ദേശീയപാത 33-ൽ ഞായറാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. ബിഹാറിലെ നളന്ദ ജില്ലയിലെ ജംഗാരോ ഗ്രാമവാസികളാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടം നടന്നയുടൻ പ്രദേശവാസികൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനും പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാനും നാട്ടുകാർ സഹായിച്ചു. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി സ്ഥിതിഗതിൾ വിലയിരുത്തി.

അതേസമയം, അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.