ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ പുതിയ ഓൺ-സ്‌ക്രീൻ മാർക്കിങ്  (ഒഎസ്എം) സംവിധാനത്തിൽ പരീക്ഷണ ഘട്ടത്തിലും ഗുരുതര സാങ്കേതിക പിഴവുകൾ ഉണ്ടായിരുന്നതായി റിപ്പോർട്ട്. ജനുവരിയിൽ നടത്തിയ പരീക്ഷണ ഘട്ടത്തിൽ ഈ സിസ്റ്റത്തിന് പോരായ്മകൾ ഉള്ളതായും ഇത് പൂർണമായി പരിഹരിക്കാൻ ഒരു വർഷത്തെ പരിശോധനയെങ്കിലും വേണമെന്നും ആഭ്യന്തര സമിതി നിർദേശിച്ചിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ ഈ മുന്നറിയിപ്പുകൾ അവഗണിച്ച് പരീക്ഷാ ബോർഡ് മുന്നോട്ട് പോവുകയായിരുന്നു.

To advertise here,

യഥാർഥ മൂല്യനിർണയ വേളയിൽ മാർക്കുകൾ രേഖപ്പെടുത്തുന്നതിൽ ഈ അപാകതകൾ ആവർത്തിച്ചു. ഔദ്യോഗിക മാർക്കിങ് സ്കീമും സ്ക്രീനിൽ കാണിച്ച മാർക്കുകളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടാവുകയും ഉപചോദ്യങ്ങളുടെ മാർക്കുകൾ രേഖപ്പെടുത്തുന്നതിൽ സിസ്റ്റം പരാജയപ്പെടുകയും ചെയ്തു. ഒരു അധ്യാപകൻ നൽകിയ 1.5 മാർക്ക്, സിസ്റ്റത്തിൽ രേഖപ്പെടുത്തിയത് 1.5 മാർക്കിന്റെ കുറവായാണ്.

മൂല്യനിർണയത്തിനിടെ സിസ്റ്റം ഇടയ്ക്കിടെ പ്രവർത്തിക്കാതിരുന്നതും  'അൺഡു' ഓപ്ഷൻ ഉപയോഗിക്കുമ്പോൾ തകരാറുകൾ സംഭവിക്കുന്നതും പ്രതിസന്ധിയുണ്ടാക്കി. മൂല്യനിർണയം നടത്തിയ വിവരങ്ങൾ താനേ സേവ് ആകാത്തതും ഉത്തരങ്ങൾ എഴുതാത്ത വെറും പേജുകൾക്ക് മാർക്ക് നൽകാൻ കഴിയുന്ന തരത്തിലുള്ള സോഫ്റ്റ്‌വെയർ പിഴവുകളും ഉണ്ടായിരുന്നു. പരീക്ഷാഫലം വന്നതിന് പിന്നാലെ സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ വ്യക്തമല്ലായിരുന്നുവെന്നും പല ഉത്തരങ്ങളും പരിശോധിക്കാതെ വിട്ടുപോയെന്നും വിദ്യാർഥികൾ പരാതിപ്പെട്ടു. സ്കാൻ ചെയ്ത പേജുകൾ തമ്മിൽ മാറിപ്പോയതുകൊണ്ട് വിദ്യാർഥികൾ എഴുതാത്ത ഉത്തരങ്ങൾ വരെ അവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടതായും ആരോപണമുണ്ട്.

സാങ്കേതിക പിഴവുകൾക്കുപുറമെ സിസ്റ്റത്തിന്റെ സുരക്ഷ സംബന്ധിച്ചും പോരായ്മകൾ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In) നാല് തവണ സിബിഎസ്ഇയ്ക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

സിസ്റ്റത്തിലെ സുരക്ഷാ സംവിധാനങ്ങൾ ദുർബലമായിരുന്നെന്നും അതിനാൽ പരീക്ഷാ സർവറുകളിലെ വിവരങ്ങൾ മാറ്റാൻ സാധിക്കുമായിരുന്നുവെന്നും ഒരു എത്തിക്കൽ ഹാക്കർ വെളിപ്പെടുത്തിയിരുന്നു. മുൻപ് തെലങ്കാനയിലെ പരീക്ഷാ വിവാദങ്ങളിൽ ഉൾപ്പെട്ട ഗ്ലോബറേന ടെക്നോളജീസ് എന്ന കമ്പനിയുടെ പുതിയ രൂപമായ കോംപ്റ്റ് എഡ്യൂടെക്കിന് ഈ കരാർ നൽകിയതും സിബിഎസ്ഇയെ സംശയനിഴലിൽ നിർത്തുന്നു.