200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട വിവാദത്തിൽ തന്റെ ഭാഗം വ്യക്തമാക്കി നടി നോറ ഫത്തേഹി. കേസിനെ തുടർന്ന് കടുത്ത മാനസികാഘാതത്തിലൂടെയാണ് കടന്നുപോയതെന്നും ഒറ്റപ്പെട്ടുപോയെന്നും നോറ പറഞ്ഞു. ഒരു പോഡ്കാസ്റ്റിലായിരുന്നു നോറയുടെ തുറന്നുപറച്ചിൽ. സംഭവത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ കരഞ്ഞ നടി വിവാദത്തെ തുടർന്ന് തനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടതായും പറഞ്ഞു.

To advertise here,

'എന്റെ ഇമേജ് എന്തായിരിക്കുമെന്ന് എല്ലായ്‌പ്പോഴും ഞാൻ ഭയന്നു. എനിക്ക് ഒരുപാട് ബ്രാൻഡുകൾ നഷ്ടപ്പെട്ടു. എനിക്ക് ജോലി നഷ്ടമായി. എന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പുറംലോകത്തിന് ഒന്നും അറിയില്ല. ഒന്നോ രണ്ടോ പേർക്കൊഴികെ ആർക്കും. ഇല്ലാത്ത കഥകളാണ് പ്രചരിച്ചത്. കമന്റുകളിലും മാധ്യമങ്ങളിലും വരുന്ന വാർത്തകൾ ശരിയല്ല. വർഷങ്ങളോളം കഷ്ടപ്പെട്ട് നേടിയെടുത്ത അവസരങ്ങൾ ഒരൊറ്റ വിവാദം കാരണം കൈവിട്ടുപോയി. ഇന്നും ഏജൻസികൾ വഴി പരിപാടികൾക്ക് പോകുമ്പോൾ മനസ്സിൽ ഭയമാണ്...' നോറ പറയുന്നു.

2018 മുതൽ 2023 വരെയുള്ള കാലഘട്ടം വളരെ വിഷമകരമായിരുന്നുവെന്നും 2024 മുതലാണ് കരിയറും ജീവിതവും വീണ്ടെടുക്കാൻ തുടങ്ങിയതെന്നും അവർ കൂട്ടിച്ചേർത്തു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തപ്പോൾ തനിക്ക് തണലാകാൻ ആരുമുണ്ടായിരുന്നില്ലെന്നും എങ്കിലും സത്യത്തിന്റെ ബലത്തിലാണ് മുന്നോട്ടുപോയതെന്നും നോറ വ്യക്തമാക്കി

വിധിയിലുള്ള വിശ്വാസമാണ് മുന്നോട്ടുപോകാൻ തന്നെ സഹായിച്ചതെന്നും നോറ പറഞ്ഞു. 'നിങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണെങ്കിൽ അതെങ്ങനെ ആയാലും നിങ്ങളുടെ കയ്യിലെത്തും. നിങ്ങൾക്ക് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതൊരിക്കലും നിങ്ങൾക്ക് ഗുണം ചെയ്യുന്നതായിരിക്കില്ല.' നോറ പറയുന്നു.