ന്യൂഡൽഹി: ബിഎസ്എൻഎൽ ഡയറക്ടർ വിവേക് ബൻസലിന്റെ സന്ദർശന പദ്ധതി വിവാദമായതിന് പിന്നാലെ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ബിഎസ്എൻഎൽ ഡയറക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി അറിയിച്ചു.
ഡയറക്ടറുടെ പ്രവൃത്തികൾ അനുചിതവും നിലവിലുള്ള നിയമങ്ങൾക്കും കീഴ്‌വഴക്കങ്ങൾക്കും വിരുദ്ധമാണെന്നും ഒട്ടും അംഗീകരിക്കാനാവാത്തതാണെന്നും സിന്ധ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബൻസലിന് ഇതിനകം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഏഴു ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
'ഇത് അംഗീകരിക്കാനാവില്ല. നമ്മൾ ഇങ്ങനെ പെരുമാറാൻ പാടില്ല, ഇത് 21-ാം നൂറ്റാണ്ടാണ്. ഇത് ഞെട്ടിക്കുന്നതാണ്. ഡയറക്ടർക്ക് ഏഴു ദിവസത്തെ സമയം നൽകിയിട്ടുണ്ട്, കാരണം കാണിക്കൽ നോട്ടീസ് ഇതിനകം നൽകിയിട്ടുണ്ട്. ഞങ്ങൾ ഉചിതമായ നടപടി സ്വീകരിക്കും' സിന്ധ്യ പറഞ്ഞു.
വിവേക് ബൻസൽ ഫെബ്രുവരി 25,26 തീയതികളിലായി നടത്താനിരുന്ന പ്രയാഗ്‌രാജ് സന്ദർശനമാണ് വിവാദമായത്. അദ്ദേഹത്തിന്റെ സന്ദർശനത്തിന് മുന്നോടിയായി വിപുലമായ ഒരുക്കങ്ങൾ നടത്തുന്നതിനുള്ള നീക്കങ്ങൾ വിവാദമായതിന് പിന്നാലെ യാത്ര റദ്ദാക്കുകയായിരുന്നു.
പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം, ജൂനിയർ ടെക്‌നിക്കൽ ഓഫീസർമാർ, എഞ്ചിനീയർമാർ മുതൽ സബ്-ഡിവിഷണൽ, ഡിവിഷണൽ എഞ്ചിനീയർമാർ വരെയുള്ള ഏകദേശം 50 ഉദ്യോഗസ്ഥരെ യാത്രയിൽ അദ്ദേഹത്തിന്റെ സേവനത്തിനായി നിയോഗിച്ചിരുന്നു. ക്ഷേത്രങ്ങളിലെ സന്ദർശനവേളയിൽ വേണ്ട സൗകര്യങ്ങൾ ഏർപ്പാടാക്കുന്നതിന് മുതൽ മുടിക്ക് തേക്കുന്ന എണ്ണ, അടിവസ്ത്രങ്ങൾ, ചീപ്പുകൾ, ടൂത്ത്‌പേസ്റ്റ്, ബ്രഷുകൾ, ഷേവിംഗ് കിറ്റുകൾ, ചെരിപ്പുകൾ എന്നിവയെല്ലാം സജ്ജീകരിക്കുന്നതിനുള്ള നിർദേശങ്ങളാണ് ഉത്തരവിലുണ്ടായിരുന്നത്.
എട്ട് ബാത്ത് കിറ്റുകൾ തയ്യാറാക്കിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു, ഇതിൽ ആറെണ്ണം പുരുഷന്മാർക്കും രണ്ടെണ്ണം സ്ത്രീകൾക്കുമാണ്. കാര്യങ്ങൾ നിരീക്ഷിക്കുന്നതിന് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സന്ദർശനവുമായി ബന്ധപ്പെട്ട ഉത്തരവ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയും വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തതോടെ യാത്ര റദ്ദാക്കി. സ്വകാര്യ സന്ദർശനത്തിന് ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌തെന്ന വിമർശനമാണ് പ്രധാനമായും ഉയർന്നത്.
Content Highlights: Centre Acts on BSNL Director's Controversial Travel Plans, Show-Cause Notice Issued
Published: 25 Feb 2026, 03:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented