ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ സന്ദർശനത്തിനായി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ഡെപ്യൂട്ടി ജനറൽ മാനേജർ തയ്യാറാക്കിയ പദ്ധതി വിവാദത്തിലേക്ക്. പി.എസ്.യു ഡയറക്ടർമാരിൽ ഒരാളായ വിവേക് ബൻസലിന്റെ തികച്ചും അനൗദ്യോഗികമായ സന്ദർശനം പ്രമാണിച്ച് രണ്ടുദിവസത്തിനുള്ളിൽ 50 ജീവനക്കാരെയാണ് വിന്യസിച്ചത്. സന്ദർശനം യാതൊരു ബുദ്ധിമുട്ടും കൂടാതെ നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ജീവനക്കാർക്ക് പ്രത്യേക ചുമതലകൾ നൽകിയിരുന്നു.

To advertise here,

ഡെപ്യൂട്ടി ജിഎം തയ്യാറാക്കിയ ഔദ്യോഗിക ഉത്തരവ് അനുസരിച്ച് ബോട്ട് യാത്രകൾ, ക്ഷേത്രസന്ദർശനങ്ങൾ എന്നിവ ഒരുക്കുന്നതിനും ടവലുകൾ, അടിവസ്ത്രങ്ങൾ, എണ്ണ, ചീപ്പ് തുടങ്ങിയവ അടങ്ങുന്ന 'സ്നാൻ' കിറ്റുകൾ തയ്യാറാക്കുന്നതിനും പാക്ക്ചെയ്യുന്നതിനും ജീവനക്കാരെ ചുമതലപ്പെടുത്തിയിരുന്നു. താമസത്തിനായി ആഡംബരമുറികൾ തയ്യാറാക്കുക, ഫോട്ടോയെടുക്കുക, പ്രാദേശിക ഗതാഗതത്തിനായുള്ള വാഹനങ്ങളിൽ വെള്ളം, ചോക്ലേറ്റുകൾ, ചിപ്‌സ്, മറ്റ് ലഘുഭക്ഷണങ്ങൾ എന്നിവ ലഭ്യമാക്കുക തുടങ്ങിയ ജോലികളും ഉൾപ്പെട്ടിരുന്നു. 

കഴിഞ്ഞ പാദത്തിൽ 1,300 കോടി രൂപയിലധികം നഷ്ടം രേഖപ്പെടുത്തിയ ബിഎസ്എൻഎൽ, ഇത്രയും വിപുലമായ സന്ദർശനപദ്ധതിയെ കുറിച്ച് പ്രതികരിച്ചിട്ടില്ല. വിശദമായ ക്രമീകരണങ്ങൾ വിവരിക്കുന്ന ഔദ്യോഗിക ഉത്തരവ് സാമൂഹികമാധ്യമങ്ങളിൽ വൈറലായതിന് തൊട്ടുപിന്നാലെ റദ്ദാക്കി. വ്യക്തിപരമായ സന്ദർശനത്തിനായി ഇത്രയും ധാരാളമായ ക്രമീകരണങ്ങൾക്കും പൊതുമേഖലാ വിഭവങ്ങൾ വിന്യസിച്ചതിനും വലിയ വിമർശനമാണ് ഉയരുന്നത്.

ഫെബ്രുവരി 19-ന് ഡിജിഎം തലത്തിൽ പുറത്തിറക്കിയ ഔദ്യോഗിക ആശയവിനിമയമനുസരിച്ച്, ഡയറക്ടറുടെ വരവ് ക്രമീകരണങ്ങൾ മുതൽ മതപരമായ സന്ദർശനങ്ങൾ, ദൈനംദിന ലോജിസ്റ്റിക്സ് വരെയുള്ള മുഴുവൻ ഷെഡ്യൂളും ഉൾക്കൊള്ളുന്ന വിശദമായ മിനിറ്റ്-ടു-മിനിറ്റ് പദ്ധതി തയ്യാറാക്കിയിരുന്നു. പ്രയാഗ് രാജ് റെയിൽവേ സ്റ്റേഷനിലെ സ്വീകരണം മുതൽ പുണ്യസ്നാനങ്ങൾ, പ്രമുഖ മതസ്ഥലങ്ങളിലേക്കുള്ള സന്ദർശനങ്ങൾ, ഭക്ഷണം, ഗതാഗതം, വ്യക്തിപരമായ സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നത് വരെയുള്ള വിശദമായ ക്രമീകരണങ്ങൾ പ്രോട്ടോക്കോളിൽ ഉൾപ്പെട്ടിരുന്നു.

കുളി കഴിഞ്ഞ് ഉപയോഗിക്കുന്ന ടവലുകൾ, വ്യക്തിഗത സാധനങ്ങൾ എന്നിവ ശരിയായി കൈകാര്യം ചെയ്യാനും കണക്കെടുക്കാനും നിർദേശങ്ങൾ നൽകിയിരുന്നു. ത്രിവേണി സംഗമം, സമീപത്തുള്ള ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിനിടയിലും യാത്രയിലുടനീളവും നിരവധി ബാത്ത് കിറ്റുകൾ, ലഘുഭക്ഷണങ്ങൾ, എസ്‌കോർട്ട് സേവനങ്ങൾ എന്നിവ ഒരുക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.

പ്രോട്ടോക്കോൾ രേഖകൾ വൈറലായതോടെ സന്ദർശനം റദ്ദാക്കി. ഡയറക്ടറുടെ പ്രയാഗ് രാജ് പരിപാടി പിൻവലിച്ചുവെന്നും പുറത്തിറക്കിയ പ്രോട്ടോക്കോൾ ഇപ്പോൾ അസാധുവായി കണക്കാക്കണമെന്നും ബിഎസ്എൻഎൽ പബ്ലിക് റിലേഷൻസ് ഓഫീസർ ആശിഷ് ഗുപ്ത സ്ഥിരീകരിച്ചു.