
രാം ചരൺ നായകനായ ബുച്ചി ബാബു സന സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ‘പെദ്ധി’ റിലീസിന് പിന്നാലെ വൻവിവാദത്തിലായിരുന്നു. ചിത്രത്തിലെ നായിക ജാൻവി കപൂറിനെ ചിത്രീകരിച്ച രീതിയാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. ചിത്രത്തിലെ രംഗങ്ങൾ ലൈംഗികാതിക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതും സ്ത്രീ ശരീരത്തെ വിൽപ്പനച്ചരക്കാക്കുന്നതുമാണ് എന്നായിരുന്നു വിമർശനം. പിന്നാലെ സംവിധായകൻ മാപ്പുപറഞ്ഞു. ഇപ്പോഴിതാ വിവാദങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നായിക ജാൻവി കപൂർ.
ഇത്തരം രംഗങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക എന്നത് മാത്രമാണ് തനിക്കിനി ചെയ്യാനുള്ളതെന്ന് നടി പറഞ്ഞു. സംവിധായകനെ വിശ്വസിച്ചാണ് അഭിനയിക്കുന്നത്. ദക്ഷിണേന്ത്യൻ സിനിമകളിൽ പലപ്പോഴും പൂർണമായ തിരക്കഥകൾ ഉണ്ടാവില്ല. അതുകൊണ്ടാണ് ചിത്രത്തിൽ തനിക്ക് സൂക്ഷ്മത പുലർത്താൻ കഴിയാതെ പോയതെന്നും നടി കോഫി വിത്ത് കരൺ ഷോയിൽ, കരൺ ജോഹറിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വിവാദത്തിൽ ആദ്യമായാണ് നടി പ്രതികരിക്കുന്നത്.
'ഒട്ടേറെപ്പേർ കഠിനാധ്വാനം ചെയ്തതിന്റെ ഫലമാണ് ആ ചിത്രം. അതിനാൽ, എന്തെങ്കിലും അപ്പോൾ പ്രതികരിക്കണോ എന്ന് എനിക്ക് അറിയില്ലായിരുന്നു. ആ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന രീതി പൊതുസമൂഹത്തിലും ഞാനുൾപ്പെടുന്ന സ്ത്രീസമൂഹത്തിലും ഉണ്ടാക്കാൻ പോകുന്ന നെഗറ്റീവായ സ്വാധീനം എന്റെ മനഃസാക്ഷിയെ വല്ലാതെ അലട്ടുന്നുണ്ട്. ആ നാണക്കേട് എന്നും എനിക്കൊപ്പമുണ്ടാവും', ജാൻവി പറഞ്ഞു.
'എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നോ, കൂടുതൽ ജാഗ്രത പുലർത്താൻ കഴിയുമായിരുന്നോ എന്നീ ചോദ്യങ്ങൾക്ക് അതേ എന്നാണ് ഉത്തരം. അങ്ങനെ ചിത്രീകരിച്ചത് പ്രശ്‌നമാണോ, അത് ഒബ്ജക്ടിഫിക്കേഷന്റെ അങ്ങേയറ്റമായിരുന്നോ, ലൈംഗികാതിക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നില്ലേ എന്നീ ചോദ്യങ്ങൾക്കും അതേ എന്നുതന്നെയാണ് ഉത്തരം. മേലിൽ ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തുക എന്നതുമാത്രമാണ് ഇനി എനിക്ക് ചെയ്യാവുന്നത്', നടി വ്യക്തമാക്കി.
'ഞാൻ കൂടുതൽ ജാഗ്രത പുലർത്തേണ്ടതായിരുന്നുവെന്ന ചിന്ത എന്നെ പിടികൂടി. ഒരുകാര്യം കൂടെയുണ്ട്, അത് പറയുമ്പോൾ ഞാൻ കുറ്റം മറ്റൊരാളിൽ ചാർത്തുകയാണെന്ന് തോന്നും. അഭിനേതാക്കൾ എപ്പോഴും സംവിധായകന്റെ വാക്കുകൾ ആണ് കേൾക്കുക. ലഭ്യമായ വിവരങ്ങൾ വെച്ച് പരമാവധി പ്രശ്‌നങ്ങളില്ലാതെ എങ്ങനെ അവതരിപ്പിക്കാം എന്നാണ് ചിന്തിക്കുക. ദക്ഷിണേന്ത്യൻ സിനിമകളിൽ പലപ്പോഴും അപൂർവമായി മാത്രമേ പൂർണമായ തിരക്കഥയുണ്ടാവുകയുള്ളൂ. വളരെ അപൂർവമായി മാത്രമേ ക്യാമറാ ആംഗിളുകളെക്കുറിച്ച് നിങ്ങൾ തിരിച്ചറിയുകയുള്ളൂ. ശരിയാണ്, ഞാൻ എന്റെ പ്രിവിലേജ് പ്രയോജനപ്പെടുത്തേണ്ടതായിരുന്നു. ഒരുതരത്തിൽ അത് അതിക്രമിക്കുന്ന തരത്തിലുള്ള അനുഭവമായിരുന്നു. എന്നാൽ, വിവാദങ്ങൾക്കൊണ്ടുള്ള ഗുണം, അടുത്ത തവണ ഒരു പ്രധാന നടിയെ ഇത്തരത്തിൽ അവതരിപ്പിക്കുന്നതിന് മുമ്പ് സംവിധായകർ രണ്ടുതവണ ചിന്തിച്ചേക്കും', ജാൻവി അഭിപ്രായപ്പെട്ടു.
ബുച്ചി ബാബു സന സംവിധാനം ചെയ്ത് രാം ചരൺ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് 'പെദ്ധി'. ചിത്രത്തിൽ പെദ്ധിയുടെ കാമുകിയായ ആച്ചിയമ്മ എന്ന കഥാപാത്രത്തെയാണ് ജാൻവി അവതരിപ്പിച്ചത്. ജാൻവിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന രംഗങ്ങളിൽ നടിയെ ചിത്രീകരിച്ച രീതി വിമർശിക്കപ്പെട്ടു. നായികയുടെ സമ്മതമില്ലാതെ ഉമ്മവെക്കുന്ന രംഗം, ലൈംഗിക അതിക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും പ്രേക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: Janhvi Kapoor addressed the controversy surrounding her character depiction in the Ram Charan starrer 'Peddi'. Speaking on 'Koffee With Karan', she expressed remorse over how her scenes affected audiences and female representation. Janhvi admitted that she should have been more cautious and pledged to avoid such roles in the future. She highlighted the challenge of working in South Indian cinema without complete bound scripts or prior knowledge of camera angles. The actress noted that public backlashes like this will encourage directors to think twice before objectifying lead actresses.
Published: 28 Oct 2026, 09:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented