ന്യൂഡല്‍ഹി: ഹിന്ദി സംസാരിക്കുന്നവര്‍ ശൗചാലയം വൃത്തിയാക്കുന്നുവെന്ന ഡി.എം.കെ. എം.പി. ദയാനിധി മാരന്റെ പഴയ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബി.ആര്.എസ്. നേതാവ് കെ കവിത. രാഹുല്‍ ഗാന്ധി തുടങ്ങിയ ഭാരത് ജോഡോ യാത്ര പിആര്‍ സ്റ്റണ്ട് പോലെയാണെന്ന് പറഞ്ഞ കവിത, ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയുടെ മൗനത്തെയും ചോദ്യം ചെയ്തു.
ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും ഹിന്ദി സംസാരിക്കുന്നവര്‍ തമിഴ്നാട്ടില്‍ വന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങളും റോഡുകളും ശുചിമുറിയും വൃത്തിയാക്കുകയുമാണെന്ന ദയാനിദി മാരന് 2019ല്‍ പറയുന്ന ക്ലിപ്പ് വലിയ വിവാദമായിരുന്നു. ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിച്ചവരെയും ഹിന്ദി മാത്രം പഠിച്ചവരെയും താരതമ്യം ചെയ്ത മാരന്, ആദ്യത്തെ വിഭാഗക്കാര്‍ ഐടി കമ്പിനികളിലും രണ്ടാമത്തെ വിഭാഗക്കാര്‍ തുച്ഛമായ വേതനത്തിലും ജോലി ചെയ്യുകയാണെന്നും പറഞ്ഞിരുന്നു.
'ഏതെങ്കിലുമൊരു പ്രത്യേക പാര്‍ട്ടിയുടെ കാഴ്ചപ്പാടല്ല മറിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ ഘടനയെ എങ്ങനെ ബാധിക്കുന്നു എന്നതാണ് കാര്യം. രാഹുലിന്റെ കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണിയുടെ ഭാഗമാണിവര്‍. രാജ്യത്തെ ഒരുമിക്കുന്നതിനായി നടത്തുന്ന ഭാരത് ജോഡോ യാത്രയെ കുറിച്ച് നിരവധി പ്രസ്താവനകള്‍ രാഹുല്‍ ഗാന്ധി നടത്താറുണ്ടല്ലോ. എന്നാല്‍ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയ നാതന ധര്‍മ പരാമര്‍ശത്തില്‍ അദ്ദേഹം സംസാരിക്കാതിരുന്നപ്പോള്‍ ഭാരത് ജോഡോ യാത്ര പിആര്‍ സ്റ്റണ്ട് പോലെയാണ് തോന്നുന്നത്', കവിത പിടിഐയോട് പറഞ്ഞു.
ചില വിഭാഗം ആളുകളുടെ വോട്ട് കിട്ടാന്‍ വേണ്ടിയാണ് നേതാക്കള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ഇവ നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയില്‍ രാജ്യത്തെ വിഭജിക്കുകയാണെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്കിയ മറ്റൊരു അഭിമുഖത്തിലും കവിത പറഞ്ഞു.
സനാതന ധര്‍മ വിവാദത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നെങ്കില്‍ മറ്റുള്ളവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തില്ലായിരുന്നു. ഈ പരാമര്‍ശത്തെ ചെറുതായി കാണരുതായിരുന്നു. അടുത്ത വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അദ്ദേഹത്തിന്റെ സഖ്യകക്ഷികള്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ പ്രസ്താവനകള്‍ നടത്തി രാജ്യത്തെ ജനങ്ങള്‍ക്ക് വ്യക്തത നല്‍കണമെന്നും കവിത കൂട്ടിച്ചേര്‍ത്തു.
എന്തുകൊണ്ടാണ് നിങ്ങള്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് മറുപടി നല്‍കാത്തത്? നിങ്ങള്‍ ഹിന്ദുക്കള്‍ക്കും തൊഴിലാളികള്‍ക്കും ഹിന്ദി സംസാരിക്കുന്നവര്‍ക്കും എതിരല്ലെന്ന് രാജ്യത്തെ നിങ്ങള്‍ സംസാരിച്ച് ബോധ്യപ്പെടുത്തണമെന്നും കവിത രാഹുലിനോട് പറഞ്ഞു.
Content Highlights: BRS leader K Kavitha has hit out at the Congress over DMK MP Dayanidhi Maran's controversial remark
Published: 25 Dec 2023, 06:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented