പ്രയാഗ്‌രാജ് (യു.പി): പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ഗുണ്ടാത്തലവനും മുന്‍ എംപിയുമായ അതിഖ് അഹമ്മദിന്റെ പ്രയാഗ്‌രാജിലെ ഓഫീസില്‍ കത്തിയും രക്തക്കറയും കണ്ടെത്തിയെന്ന് പോലീസ്. ഭാഗികമായി പൊളിച്ച കെട്ടിടത്തില്‍ പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് ഇവ കണ്ടെത്തിയതെന്നാണ് വിവരം. കെട്ടിടത്തിലെ ഗോവണിക്ക് സമീപം നിലത്താണ് രക്തക്കറ പോലെ തോന്നിക്കുന്ന പാടുകള്‍ കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു. ചോരപ്പാടുകള്‍ തന്നെയാണ് ഇതെന്നാണ് പ്രാഥമിക നിഗമനം.

To advertise here,

അടുക്കളയ്ക്ക് സമീപമുള്ള ഗോവണിക്ക് അടുത്താണ് രക്തക്കറപോലെ തോന്നിക്കുന്ന പാടുകള്‍ കണ്ടെത്തിയതെന്ന് പ്രയാഗ്‌രാജ് എസിപി സത്യേന്ദ്ര പ്രസാദ് തിവാരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 'സ്വന്തം നിലയില്‍ പരിശോധന നടത്തി. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. വിശദമായ അന്വേഷണംതന്നെ ഇതുമായി ബന്ധപ്പെട്ട് നടത്തും', തിവാരി പറഞ്ഞു.

പോലീസ് കസ്റ്റഡിയിലിരിക്കെ വൈദ്യപരിശോധനയ്ക്കായി പ്രയാഗ്‌രാജിലെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴാണ് അതിഖ് അഹമ്മദും സഹോദരന്‍ അഷറഫും ഏപ്രില്‍ 15-ന് വെടിയേറ്റു മരിച്ചത്. മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേനെയെത്തിയ അക്രമികള്‍ ഇരുവര്‍ക്കുംനേരെ തൊട്ടടുത്തുനിന്ന് വെടിവച്ചു. കൊലപാതകികളെ സംഭവ സ്ഥലത്തുനിന്നുതന്നെ പോലീസ് പിടികൂടിയിരുന്നു.

അതിഖ് അഹമ്മദ് മുഖ്യപ്രതിയായ രാജുപാല്‍ കൊലക്കേസിലെ സാക്ഷി ആയിരുന്ന ഉമേഷ് പാല്‍ എന്നയാള്‍ വെടിയേറ്റ് മരിച്ചിരുന്നു. ഈ കൊലക്കേസിലും അതിഖ് അഹമ്മദും മകന്‍ ആസാദും അടക്കമുള്ളവരാണ് പ്രതികള്‍. അതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദ് ഏപ്രില്‍ 13-ന് ഝാന്‍സിയില്‍വച്ച് പോലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് അതിഖും കൊല്ലപ്പെടുന്നത്.