ടെൽ അവീവ്: ഇസ്രയേലിൽ വോട്ടെടുപ്പ് അട്ടിമറിച്ചെന്ന ആരോപണം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ തിരിഞ്ഞുകുത്തുന്നു. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അറബ് സമൂഹത്തെ പ്രതിക്കൂട്ടിലാക്കി നെതന്യാഹു ആരോപണം ഉയർത്തിയിരുന്നു. എന്നാൽ ഇത് നെതന്യാഹുവിന്റെ ഓഫീസിലെ ഉദ്യോഗസ്ഥർ ബോധപൂർവം കെട്ടിച്ചമച്ചതാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ഇസ്രയേൽ പോലീസും മറ്റു നിയമസംവിധാനങ്ങളും ഇക്കാര്യം അന്വേഷിക്കുന്നതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.

To advertise here,

അറബ് പാർട്ടികൾ വോട്ട് മോഷ്ടിച്ചുവെന്ന് തിരഞ്ഞെടുപ്പ് ദിവസത്തിലും അതിനുശേഷവും നെതന്യാഹുവിന് ഉന്നയിക്കാനുള്ള വാദങ്ങൾ ശക്തമാക്കുന്നതിന് അറസ്റ്റുകളടക്കം നടത്തിയിരുന്നു. ഈ അറസ്റ്റുകൾക്ക് കാരണമായ പരാതി നൽകിയിരിക്കുന്നത് വോട്ടെടുപ്പിന് തലേദിവസം നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫ് ഇഡോ നോർഡെൻ ആണെന്നാണ് ഇസ്രയേൽ മാധ്യമമായ ചാനൽ 12 പുറത്തുവിട്ടിരിക്കുന്ന വെളിപ്പെടുത്തൽ. അറസ്റ്റിലായ മൂന്ന് അറബ് യുവാക്കൾ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്താനായിരുന്നില്ല. ഇത് വിവാദങ്ങൾക്കിടയാക്കുകയും ചെയ്തിരുന്നു.

എന്നാൽ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതാണെന്ന് ആരോപിക്കാൻ പ്രധാനമന്ത്രി നെതന്യാഹുവും അദ്ദേഹത്തിന്റെ ഓഫീസിലെ ചില ഉദ്യോഗസ്ഥരുമാണ് ഇത്തരമൊരു അറസ്റ്റ് നാടകം നടത്തിയതെന്നാണ് ചാനൽ 12 ന്റെ വെളിപ്പെടുത്തൽ. 

മുൻകൂട്ടി ആസൂത്രണം ചെയ്ത ശ്രമത്തിലൂടെ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തകർക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് പോലീസിനെ ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറ്റോർണി ജനറലും പോലീസിന്റെ അന്വേഷണ-ഇന്റലിജൻസ് വിഭാഗവും ഇപ്പോൾ അന്വേഷിച്ചുവരികയാണെന്നും ഇസ്രയേലി മാധ്യമങ്ങൾ പറയുന്നു.

ഇനിയൊരു നിമിഷംപോലും കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് സർക്കാരിന്റെ തലപ്പത്ത് തുടരാനാവില്ലെന്ന് ഗാദി ഐസൻകോട്ട് പ്രതികരിച്ചു. ദേശീയ ഐക്യ സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തുന്നതിനായി ഇരുനേതാക്കളുടെയും പാർട്ടികളുടെ പ്രതിനിധികൾ യോഗം ചേർന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ഐസൻകോട്ട് തന്റെ എതിരാളിക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടത്.

നെതന്യാഹുവിന്റെയും അദ്ദേഹത്തിന്റെ അനുയായികളുടെയും പെരുമാറ്റം ഇസ്രായേലി ജനാധിപത്യത്തിനുനേരെയുള്ള ഭീഷണിയാണ്. ഈ സംഭവത്തെക്കുറിച്ച് ഉടൻ തന്നെ അന്വേഷണം ആരംഭിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു' ഐസൻകോട്ട് പറഞ്ഞു.

കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിൽ സർക്കാരുണ്ടാക്കാൻ ആവശ്യമായ ഭൂരിപക്ഷമായ 61 സീറ്റുകൾ നെതന്യാഹുവിന്റെ പക്ഷത്തിനോ ഐസൻകോട്ടിന്റെ പ്രതിപക്ഷത്തിനോ ലഭിച്ചിരുന്നില്ല. പ്രധാന രണ്ട് അറബ് പാർട്ടികളായ ജോയിന്റ് ലിസ്റ്റും റാമും, കഴിഞ്ഞ ആഴ്ച സർക്കാർ രൂപീകരിക്കാൻ നിയോഗിക്കപ്പെട്ട ഐസൻകോട്ടിന് പിന്തുണ അറിയിച്ചിട്ടുണ്ട്. സർക്കാർ രൂപീകരണത്തിന് മുന്നോടിയായി ഐസൻകോട്ട് വിവിധ പാർട്ടികളുമായി ചർച്ച നടത്തിവരികയാണ്.